അതുമതി
സമുദ്രസഞ്ചാരികളായിരുന്നു നാം.
വൻകരകളും
ഭൂഖണ്ഡങ്ങളും
കാറ്റും കോളും ചുഴികളും
ഒരുമിച്ച് നീന്തിയവർ.
മുന്നിൽ ജീവിതം:
അതി തീവ്രമായ വിശാലത.
ഇത് വീട്:
വാടക നൗക.
അത് മക്കൾ:
മടിയിലെ ചിപ്പികൾ...
തെളിഞ്ഞുകൊണ്ടിരിക്കുന്ന
പഞ്ഞക്കോള്.
സ്വപ്നങ്ങൾ മുറിവേറ്റ പാട്ട്.
പച്ചത്തുരുത്തുപോലെ
പുസ്തകങ്ങൾ.
എല്ലാം നമ്മുടേതായിരുന്ന
നമ്മൾ മാത്രമുണ്ടായിരുന്ന
രാത്രികൾ...
പേക്ഷ,
ഏതു തിരയിളക്കത്തിലാണ്
വേർപിരിയലിന്റെ
നീലത്തിമിംഗലം നമുക്കിടയിലേക്ക് പാഞ്ഞുകേറിയത്?
പിരിയുമ്പോൾ
ഒരു തുള്ളി ചോര പൊടിയാതെ
നാം എന്തൊക്കെ പങ്കിട്ടെടുക്കും?
മകൾ?
വീട്?
സ്വപ്നം?
പാട്ട്?
വഴക്കുകൾ?
ഇണക്കങ്ങൾ?
പുസ്തകങ്ങൾ..?
നമ്മുടേത് മാത്രമായ പട്ടിണികൾ..?
ഹൃദയം മുറിയുന്നില്ലേ..?
കരൾ നീറുന്നില്ലേ..?
കാലുകളിൽ ഒരു വിറയൽ ചുറ്റിപ്പിടിക്കുന്നില്ലേ?
കണ്ണുകളിലിരുട്ട് കയറുന്നില്ലേ.!?
ജീവിതത്തിനും
മരണത്തിനുമിടയിൽ
രണ്ടുപേർ
ഉപ്പുറഞ്ഞ ശരീരവുമായി
പിടഞ്ഞ് പിടഞ്ഞ് കരയിലേക്കെത്തുമ്പോൾ
ഓർക്കുക
ഒരു കണ്ണാണ്
ആദ്യം പകുത്തത്.
വലത്തേ കാല്
ഇടത്തേ കയ്യ്
ചെവി
എല്ലാം നീയെടുക്കൂ...
പകരം
നാം ജീവിച്ച
ആ ജീവിതത്തിൽനിന്ന്
ഒരു തുള്ളി
എന്റെയീ
ചുണ്ടിലേക്കിറ്റിക്കൂ...
അതുമതി.