Begin typing your search above and press return to search.
proflie-avatar
Login

ഡബിൾ ടിക്കുകൾ

ഡബിൾ ടിക്കുകൾ
cancel

വാട്​സ്​ ആപ്പിലെ നീല ടിക്കുകള്‍ സ്വപ്നങ്ങളുടെ വര്‍ണ്ണപ്പാടങ്ങളാണ്! മോഹങ്ങള്‍ അവിടെ നഗ്നനൃത്തമാടുന്നു... ശരിയുടെ കൊളുത്തുകളാല്‍ കീറിയ പ്രണയക്കൊടിക്കൂറ തുന്നിക്കെട്ടുകയാണിവിടെ ഇഴകളില്‍ നിരാസത്തിന്റെ നിഴലും നോവിന്‍തരികളും മാത്രം. രാത്രിയുടെ നീരാഴിയില്‍ ശോകത്തിന്റെ മീനുകള്‍മാത്രം. വാട്‌സ്ആപ്പിലെ നീല ടിക്കിലിന്ന് ആകാശത്തിന്റെ നയനനീലിമയാണ്. പ്രണയപ്രകാശത്തില്‍ ചലനചിത്രങ്ങളുമായി വയല്‍ക്കരയിലിരുന്നാരോ കാലാട്ടി രസിക്കുന്നു. ഏകാത്മാക്കളാണെങ്കിലും നീല ടിക്കുകള്‍ ഇന്നും തമ്മിലൊട്ടാതെ ഒട്ടിയൊട്ടി...

Your Subscription Supports Independent Journalism

View Plans

വാട്​സ്​ ആപ്പിലെ

നീല ടിക്കുകള്‍

സ്വപ്നങ്ങളുടെ

വര്‍ണ്ണപ്പാടങ്ങളാണ്!

മോഹങ്ങള്‍ അവിടെ

നഗ്നനൃത്തമാടുന്നു...

ശരിയുടെ കൊളുത്തുകളാല്‍

കീറിയ പ്രണയക്കൊടിക്കൂറ

തുന്നിക്കെട്ടുകയാണിവിടെ

ഇഴകളില്‍

നിരാസത്തിന്റെ നിഴലും

നോവിന്‍തരികളും മാത്രം.

രാത്രിയുടെ നീരാഴിയില്‍

ശോകത്തിന്റെ മീനുകള്‍മാത്രം.

വാട്‌സ്ആപ്പിലെ

നീല ടിക്കിലിന്ന്

ആകാശത്തിന്റെ

നയനനീലിമയാണ്.

പ്രണയപ്രകാശത്തില്‍

ചലനചിത്രങ്ങളുമായി

വയല്‍ക്കരയിലിരുന്നാരോ

കാലാട്ടി രസിക്കുന്നു.

ഏകാത്മാക്കളാണെങ്കിലും

നീല ടിക്കുകള്‍ ഇന്നും

തമ്മിലൊട്ടാതെ

ഒട്ടിയൊട്ടി നില്‍ക്കുന്നു!

കാലപ്പഴക്കത്താല്‍

വടുവീണ് വികാരത്തിന്റെ

മുനയറ്റുപോയെങ്കിലും...

ഇരുളിന്‍ മുടിസ്പര്‍ശമായി

പകലൊടുങ്ങുകയാണ്

സന്ധ്യയുടെ

നെറ്റിത്തടത്തിലെ

സിന്ദൂരച്ചാലില്‍

ചതിയുടെ ചോര!

കാഴ്ചകള്‍ക്കപ്പുറത്തെ

മൂക്കുത്തിക്കല്ലില്‍

കാലം കോര്‍പ്പല്ലുനീട്ടുന്നു.

വര്‍ത്തമാനത്തിന്റെ

നീണ്ടകൊക്കില്‍

വാക്കുകളുടെ

അവസാന പിടച്ചില്‍...

എങ്കിലും

ഇരട്ട ടിക്കുകള്‍

എന്നോട് പറയുന്നു

ഈ നീലമുനകളാല്‍

നിന്റെ ഹൃദയം പറിച്ചെറിയുക!

അപ്പോഴും ടിക്കുകള്‍

വളഞ്ഞുതന്നെകിടന്നു.

News Summary - madhyamam weekly poem