വെളിച്ചത്തിലേക്കുള്ള വഴി
അയാളുടെ ഒറ്റ ചവിട്ടിന് അടിവയർ കലങ്ങി - ഹോസ്പിറ്റൽവാസം കഴിഞ്ഞ് എത്തിയതായിരുന്നു അവൾ. അന്നും കാലുയർത്തവേ - ആദ്യമായി അവളുടെ കൈ ഉയർന്നു. പിറകിലേക്ക് വേച്ചുപോയ അയാൾ തോറ്റ ഭരണാധികാരിയെപോലെ ഒരുനിമിഷം അവളെ നോക്കി. അപ്പോൾ അവളുടെ കണ്ണുകളിൽ ഒരു കൊടുങ്കാറ്റ് വീശി മുടി വലിച്ച് പുറത്തുതള്ളിയ അവളുടെ കനൽ ചുട്ട ദേഹത്ത് ഉടുതുണികൾ പറന്നുവീണു. സാക്ഷവീണ വാതിലിനു വെളിയിൽ ചുരുട്ടിക്കൂട്ടിയ വസ്ത്രങ്ങൾ ജീവിതത്തോടൊപ്പം ബാഗിലാക്കി സിപ്പടച്ച് ചന്ദ്രനോടൊപ്പം നടന്നു. ജനിച്ച വീടിന്റെ പടിവാതിക്കലെത്തിയപ്പോൾ വീട്ടിലെ കോഴി മൂന്നുതവണ കൂവി. സാരോപദേശങ്ങളുടെ മീനച്ചൂടിൽ വിയർത്തൊലിച്ച് മുറ്റത്തേക്ക്...
Your Subscription Supports Independent Journalism
View Plansഅയാളുടെ ഒറ്റ ചവിട്ടിന് അടിവയർ കലങ്ങി -
ഹോസ്പിറ്റൽവാസം കഴിഞ്ഞ് എത്തിയതായിരുന്നു അവൾ.
അന്നും കാലുയർത്തവേ -
ആദ്യമായി
അവളുടെ കൈ ഉയർന്നു.
പിറകിലേക്ക് വേച്ചുപോയ അയാൾ
തോറ്റ ഭരണാധികാരിയെപോലെ ഒരുനിമിഷം അവളെ നോക്കി.
അപ്പോൾ അവളുടെ കണ്ണുകളിൽ ഒരു കൊടുങ്കാറ്റ് വീശി
മുടി വലിച്ച്
പുറത്തുതള്ളിയ അവളുടെ
കനൽ ചുട്ട ദേഹത്ത് ഉടുതുണികൾ പറന്നുവീണു.
സാക്ഷവീണ വാതിലിനു വെളിയിൽ
ചുരുട്ടിക്കൂട്ടിയ വസ്ത്രങ്ങൾ ജീവിതത്തോടൊപ്പം ബാഗിലാക്കി സിപ്പടച്ച്
ചന്ദ്രനോടൊപ്പം നടന്നു.
ജനിച്ച വീടിന്റെ
പടിവാതിക്കലെത്തിയപ്പോൾ
വീട്ടിലെ കോഴി മൂന്നുതവണ കൂവി.
സാരോപദേശങ്ങളുടെ
മീനച്ചൂടിൽ
വിയർത്തൊലിച്ച്
മുറ്റത്തേക്ക് ഇറങ്ങി.
ഓരോ ചുവടും
താഴ്ന്നുപോകുന്നു.
പിച്ചവെച്ച കാൽപാദങ്ങളെ
എവിടെയും കണ്ടെത്താനായില്ല.
കഴിഞ്ഞ ജന്മത്തിലേക്ക്
അതെല്ലാം
ഒളിച്ചോടി പോയിരുന്നു.
മുറ്റത്തെ കോണിൽ
അവൾ നട്ട ഗന്ധരാജ പൂക്കളിൽനിന്നും
ഒരു എരിയൻ
കണ്ണുകളെ നീറ്റിച്ചു.
കൺപോളകൾ ഇറുക്കിയടച്ച്
തനിച്ചായ ഭൂഖണ്ഡത്തിൽ
ഇരുട്ടു തപ്പിനിന്നു.
നേർത്തൊരു കാറ്റിന്റെ
കുളിർമയിൽ
വീർത്ത കൺപോളകൾ
മെല്ലെ തുറന്നു.
ആദ്യകിരണങ്ങൾ
കണ്ണുകളെ പുളിപ്പിച്ചു.
ആ വെളിച്ചത്തിലേക്കവൾ
പതിയെ ചുവടുവെച്ചു.