അനുശോചനങ്ങൾ -കവിത
ഇല്ല നിന്നെക്കുറിച്ചൊന്നുമാരും പറഞ്ഞീല
നെഞ്ചു പിളർന്നു നീയസ്തമിക്കുംവരെ!
ഇല്ല വർണിപ്പവരാരുമെഴുതിയി-
ല്ലൊന്നും വിഷാദാർദ്രം നീ മാഞ്ഞുപോംവരെ!
പാടുവാനാരും പഠിച്ചിരുന്നീലനിൻ
ഭാവങ്ങൾ ശീലുകളുത്തപ്ത ജീവിതം,
നിന്നാത്മ സംഘർഷം, നിൻ ധർമയുദ്ധങ്ങൾ
നീതിക്കുവേണ്ടി നടത്തിയ യാത്രകൾ!
നിന്നീല നിന്നൊപ്പം നിൽക്കേണ്ടവർപോലും,
നിെൻറ വിചാരണാ വേളയിൽ വേദിയിൽ
നിഷ്കൃപം നിന്നെ പഴിക്കുന്നവർക്കൊപ്പം
നിന്നവർ; ക്കെന്തെന്തു സ്നേഹം? സൗഹാർദം?
നോവിച്ചു നോവിച്ചു നിെൻറ ചിറകരി
ഞ്ഞാണവർ നിന്നെയകറ്റാൻ ശ്രമിച്ചതും
നിെൻറ വഴികളിൽ മുള്ളുതിർത്തിട്ടതും
നിന്നെയും കുരിശ് ചുമപ്പിച്ചതും, ഇന്നു
നിെൻറ സ്വപ്നങ്ങളെയെല്ലാം തകർത്തു
നിെൻറ കിടാങ്ങളെ കൊല്ലാൻ കൊടുത്തു
ചുണ്ടിനും കപ്പിനും മധ്യത്തിൽനിന്നെല്ലാം
ചിമ്മിയെടുത്തു...ഭൃഷ്ടയാക്കി തീർത്തു!
എല്ലാമറിഞ്ഞിട്ടുമൊന്നുമറിയാത്തപോൽ
എല്ലാം കഴിഞ്ഞിട്ടും തെല്ലും കയർക്കാതെ
തിന്നു മദിച്ചു വളർന്നു വലിയവരായവർ,
നിങ്ങൾ, അർപ്പിപ്പൂ അനുശോചനങ്ങൾ!