ഞാനൊരു മുസ്‌ലിം സ്ത്രീ
ഞാനൊരു മുസ്‌ലിം സ്ത്രീ
വിൽപനച്ചരക്കല്ല.
സ്വാതന്ത്ര്യ സമരത്തിൽ
ഞാനുണ്ടായിരുന്നു;
ബ്രിട്ടീഷ് ഭരണത്തിനെതിരെയും.
ഞാൻ ശഹീൻ ബാഗ്.
കശ്മീരിലും മണിപ്പൂരിലും
നിങ്ങൾ ഭയക്കുന്ന ശബ്ദം
എന്റേതാണ്.
ഞാൻ അടിച്ചമർത്തലിനു
എതിരായവൾ.
ജാമിഅയിലും അലീഗഢിലും
ഞാൻ നിങ്ങളെ
പൊളിച്ചെഴുതുന്നു.
നിങ്ങൾ മായ്ക്കാൻ
ശ്രമിക്കുന്ന ചരിത്രം
ഞാനാണ്.
നിങ്ങൾ ഉന്മൂലനം ചെയ്യാൻ
ശ്രമിക്കുന്ന ഭൂമിശാസ്ത്രം
ഞാനാണ്.
എല്ലാ ആങ്ങളമാരുടെയും
അടിച്ചമർത്തലിനെതിരെ
നിലകൊള്ളുന്ന പെങ്ങൾ ഞാൻ.
മക്കൾ കാണാതെപോകുന്ന അമ്മ ഞാൻ.
നിങ്ങളുടെ അസുഖം ഭേദമാക്കുന്ന ഭാര്യ.
നിങ്ങൾക്ക് ആശ്വാസം നൽകുന്നവൾ.
നിങ്ങളുടെ കാമുകിയും.
മണ്ണിൽ ഞാനുണ്ട്
മണ്ണിലും ഞാനുണ്ട്.
അഗ്നിയിലും ഞാനുണ്ട്.
നിശിതമായ അധികാരത്തിനെതിരെ
മൈക്രോഫോണുമായി.
ഞാൻ, നഴ്‌സാണ്, ഡോക്ടറാണ്
പോരാളിയാണ്, വാർത്താലേഖികയാണ്.
അങ്ങനെ പലതുമാണ്.
ബുർഖയിട്ടവൾ ഞാൻ,
ഇടാത്തവളും.
ഞാൻ ശബ്ദമില്ലാത്തവർക്കു
ശബ്ദം നൽകുന്നവൾ.
ഞാൻ അയൂബ്, ഞാൻ ഖന്നും.
ഞാൻ സിദ്ര, ഞാൻ അസീം.
ഞാൻ ഇസ്മത്, ഞാൻ റാണ.
സിൻഖുവിൽ തിളങ്ങുന്ന
ലക്ഷം ദീപങ്ങൾ ഞാൻ.
ഞാനൊരു മുസ്‌ലിം സ്ത്രീ.
കണ്ണുകളിൽ വെളിച്ചമുള്ളവൾ.
ഹേ ഭീരു, കണ്ണ് കെട്ടിയ നിനക്ക് വേണ്ടി.
അതെ, ഞാനൊരു മുസ്‌ലിം സ്ത്രീ.
ലേലവസ്തുവല്ല.
മൊഴിമാറ്റം: രവിശങ്കർ എൻ