ജന്തു
ഒന്ന്ഒരിടത്ത് ഒരു പെണ്ണാമ. കുളത്തിലെ താമരക്കാട്ടില്‍ അത് ദിവാസ്വപ്നം കണ്ടിരിക്കും. മടുക്കുമ്പോള്‍ കുളക്കരയില്‍ മയങ്ങും. മാനം നോക്കി പാട്ടുപാടും. ഞെട്ടറ്റ് വീണ പഴങ്ങള്‍ രുചിയോടെ തിന്നും. കുളത്തില്‍ കല്ലെറിയുന്ന വികൃതിക്കുട്ടികളെ കണ്ണുരുട്ടിപ്പേടിപ്പിക്കും. കരയിലെ ചൂടും കുളത്തിലെ തണുപ്പും അത് മാറിമാറി രസിച്ചു. ഒരിക്കലൊരാള്‍ കുളക്കരയിലെത്തി കൈയില്‍ ഒരു കുരുക്കുണ്ട്. ആമ പേടിച്ച് തലവലിച്ചു. അയാള്‍ കുരുക്ക് കരയിലെ മരത്തില്‍...
Your Subscription Supports Independent Journalism
View Plansഒന്ന്
ഒരിടത്ത് ഒരു പെണ്ണാമ.
കുളത്തിലെ താമരക്കാട്ടില്‍
അത് ദിവാസ്വപ്നം കണ്ടിരിക്കും.
മടുക്കുമ്പോള്‍
കുളക്കരയില്‍ മയങ്ങും.
മാനം നോക്കി പാട്ടുപാടും.
ഞെട്ടറ്റ് വീണ പഴങ്ങള്‍
രുചിയോടെ തിന്നും.
കുളത്തില്‍ കല്ലെറിയുന്ന
വികൃതിക്കുട്ടികളെ
കണ്ണുരുട്ടിപ്പേടിപ്പിക്കും.
കരയിലെ ചൂടും
കുളത്തിലെ തണുപ്പും
അത് മാറിമാറി രസിച്ചു.
ഒരിക്കലൊരാള്‍ കുളക്കരയിലെത്തി
കൈയില്‍ ഒരു കുരുക്കുണ്ട്.
ആമ പേടിച്ച് തലവലിച്ചു.
അയാള്‍ കുരുക്ക് കരയിലെ
മരത്തില്‍ തൂക്കിയിട്ടു.
തല പുറത്തിട്ടുനോക്കിയ ആമ
പേടിച്ച് പിന്നേം തല വലിച്ചു.
ഭയം കുരുങ്ങിയ കാല്
വെള്ളത്തിലേക്ക് ചാടാന്‍ മടിച്ചു.
കുരുക്ക് മരത്തിലല്ലേ
പിന്നെന്തിനാ പേടീന്ന്
അയാള്‍ വിളിച്ച് ചോദിച്ചു.
ആമ പക്ഷേ,
പിന്നൊരിക്കലും തല നീട്ടിയില്ല.
ആമ കണ്ട സ്വപ്നങ്ങള്‍
തോടിനുള്ളില്‍ ചത്ത് ചീഞ്ഞു.
കാറ്റുപോയ പന്തിനെയെന്നപോലെ
ആരോ അതിനെ ഒറ്റച്ചവിട്ട്!
വീണ്ടും താമരക്കാടു പൂത്തു
മറ്റൊരു പെണ്ണാമ ദിവാസ്വപ്നം കണ്ടു
അവള്‍ക്കായി പുതിയ കുരുക്ക്
കുളക്കരയില്‍ കാറ്റിലാടി!
രണ്ട്
ഒരിക്കലൊരു സിംഹം
ഒരു മുയലിനെ പ്രേമിച്ചു;
മുയല് സിംഹത്തെയും.
ആദ്യമാദ്യം സിംഹം ഗര്‍ജിക്കുമ്പോള്‍
മുയല് ആലിലപോലെ വിറച്ചു.
അപ്പോള്‍ എന്റെ മുയല്ക്കുഞ്ഞേ
എന്നു വിളിച്ച് സിംഹം
മുയലിനെ ഓമനിക്കും.
ഇടയ്ക്കിടെ സിംഹം ഒരസാധ്യ കാമുകനാകും.
തോട്ടക്കാരനെ പേടിപ്പിച്ചോടിച്ച്
കാരറ്റ് തോട്ടം കാട്ടി
സിംഹം പറയും: ''ഇതാ ഇതാ
എന്റെ പ്രണയ സമ്മാനം.''
മുയലപ്പോള് സിംഹത്തിന്റെ
മൂക്കില്‍ ഉമ്മെവക്കും
സടയില്‍ വിരലോടിക്കും.
അന്തിയായാല്‍ അവര്‍ ചന്ദ്രനെ നോക്കി
പുഴക്കരയില്‍ കിടക്കും.
ഒരേ പുഴയില്‍ കണ്ണാടി നോക്കും.
കാടു പൂത്ത നിലാവു പരന്ന ഒരു രാത്രി
മുയല് സിംഹത്തിന്റെ ഗുഹയിലെത്തി
''ഇവിടെ അപ്പിടി ചോരമണം
നമുക്കാ പിച്ചകക്കാട്ടില് പോകാം''
മുയല് ചിണുങ്ങി
പിച്ചകക്കാട്ടില് കുളിര് കാറ്റടിച്ചു
രാത്രിയുടെ അന്ത്യയാമമടുത്തു
മുയലിന്റെ കണ്ണില്‍ പ്രേമം പൂത്തു
മുയല്ച്ചെവി നാണിച്ചു ചുവന്നു
സിംഹം മുയലിനെ അടിമുടി നോക്കി
മുയലിന്റെ കഴുത്തില്‍ തൊട്ടു.
നീ വെണ്ണക്കല്ലുപോലെ
വെണ്‍നിലാവുപോലെ!
നോക്കി നോക്കി നില്‍ക്കെ
സിംഹത്തിന്റെ കണ്ണില്‍ കൊതി പൂത്തു.
ഇവള്‍ക്ക് പിടി തരാതോടിയ
പേടമാനിന്റെ തിളക്കം
കാട്ടുപോത്തിന്റെ ഗന്ധം
മദയാനയുടെ കിതപ്പ്
പുള്ളിപ്പുലിയുടെ തുടിപ്പ്
സിംഹം മുയലിനെ മറന്നു
സിംഹത്തിന് ചോരമണത്തു
ഇളംചോര നൊട്ടിനുണയുമ്പോള്‍
സിംഹം പറഞ്ഞു:
''പെണ്ണേ, എന്തു രുചിയാണു നിന്നെ!''
മൂന്ന്
അവള് ഒരു നാടന്‍
കണ്ടാല്‍ സുന്ദരി
വാലിട്ടെഴുതിയ കണ്ണുകള്‍
ഉടലാകെ വെളുത്തുരുണ്ട്!
വീട്ടുകാരവളെ ലില്ലിക്കുട്ടീന്ന് വിളിക്കും
നെറ്റിയില്‍ തടവും ഉമ്മ െവക്കും
വാലിട്ട കണ്ണില്‍ സ്നേഹം വിരിയും!
കുളിച്ചൊരുങ്ങിയ ലില്ലിയെ കാത്ത്
ആണുങ്ങളുടെ കലമ്പല്‍!
ലില്ലിയുടെ സ്വപ്നത്തില്‍
മധുരം നിറഞ്ഞു
നാലാണും ഒരു പെണ്ണും!
അഞ്ചിനും വെള്ളാരംകണ്ണുകള്‍
വാല്തുമ്പില് കറുപ്പ്!
രാവും പകലും മക്കള്‍ക്ക്
പാല് ചുരത്തി
ലില്ലി മെലിഞ്ഞു.
മുല വറ്റി ചോര ചപ്പി
ലില്ലിയുടെ കുടല് മറിഞ്ഞു.
പണ്ടേക്കൂട്ട് ലില്ലിക്കുട്ടിയാവാന്
നീളുന്ന സ്നേഹക്കൈയില്‍
മുഖമുരസാന്
ലില്ലിക്ക് കൊതിയായി.
വെള്ളാരംകണ്ണുള്ള, വാല്‍ത്തുമ്പ് കറുത്ത
ഒരു നായ മതിലിനപ്പുറം മോങ്ങി
മറ്റൊരു ലില്ലി അതിനു വിളി കേട്ടു.
നാല്
നിറവയറുമായ് കുറിഞ്ഞി
പെറാനിടം തേടി നടന്നു.
ടെറസുവീടിന്റെ ജനാല
തുറന്നുകിടന്നു.
പാളിനോക്കിയാല്‍ കാണാം
പഴയൊരു സോഫ.
അവിടാരുമില്ല
കുറിഞ്ഞി ആശ്വാസത്തില്‍ പെറ്റു!
ഒറ്റമുറിയില്‍ ഒപ്പം
വിശപ്പിനെയും പെറ്റു!
പുറത്തേക്ക് തലനീട്ടി
ജനാല പറഞ്ഞു:
''അവിടെ ചോറ് കളയാറായി''
കാടന്മാരാരുമില്ല
കുറിഞ്ഞി പമ്മിച്ചെന്നു.
തെങ്ങിന് കടക്കല്‍
ചോറില്‍ പുതഞ്ഞ
മീന്മണം വന്നു വീണു.
മീന്കറിയില് മൂക്കുമുട്ടിച്ചതും
കാടന്റെ ശീല്ക്കാരം.
പേടികേറിയ കുറിഞ്ഞി
തിരിഞ്ഞൊരോട്ടം
ജനാലചാടി മുറിയിലേക്ക്.
വയറ്റില്‍ വിശപ്പോടുന്നു
ചുരുണ്ടുകൂടിക്കിടന്ന്
കുറിഞ്ഞി മുരണ്ടു
മ്യാവൂ...മ്യാവൂ...
ഇനി നാളെ വീട്ടുകാര്‍ വരുമോ?
വയറ്റില്‍ ആധികേറി
വിശപ്പ് കെട്ടു!
അഞ്ച്
ആകാശത്ത് മഴവട്ടം
ആണ്മയില് പീലിവിരിച്ച്
നൃത്തമാടി.
കണ്ടവരുടെ കണ്ണഞ്ചി
പെണ്‍മയിലിന് അസൂയ പൊട്ടി.
കാഴ്ചക്കാര്‍ പിരിഞ്ഞപ്പോള്‍
പെണ്മയിലിന്റെ ചെവിയില്‍
ആണ്മയില് അടക്കം പറഞ്ഞു:
''നമുക്ക് എന്നെപ്പോലൊരു
ആണ്കുഞ്ഞു മതി.
പീലിവിരിച്ചാടുന്ന അവനെക്കണ്ടാല്‍
കണ്ണെടുക്കാന്‍ തോന്നരുത്!''
പെണ്മയില് തന്റെ
കുറ്റിവാല് നോക്കി ചിരിച്ചു!
''അടുത്ത ജന്മത്തില്
എനിക്കാണാവണം''
മയില്പ്പെണ്ണ് കൊതിച്ചു!