രഹസ്യപുരാണം -കവിത
തരംപോൽ വന്നിടക്കിടെ മുഖം നോക്കി മിനുക്കാനായ്
ചുമരിന്മേൽ പതിപ്പിച്ച പഴങ്കണ്ണാടി
തെളിച്ചിത്രം മറയ്ക്കുന്ന കരിംപായൽപ്പടർപ്പുക-
ളിണ ചേർന്നു മയങ്ങുന്ന കൊടുങ്കാടകം
മെഴുക്കെന്നു കരുതീ ഞാൻ, മുഖമാകെത്തുടച്ചിട്ടും
മെഴുക്കല്ല, മെരുങ്ങുന്നി, ല്ലൊരിക്കൽപ്പോലും
തെളിച്ചത്തിലൊരുമിച്ച, ന്നുറക്കനേ ചിരിച്ചെന്നും
പുളഞ്ഞ നോവറിഞ്ഞു നാം പുണർന്നുവെന്നും
കൊതിച്ചതും വിധിച്ചതും പരസ്പരം പകുത്തെന്നു-
മതുകേട്ടു തമസ്സേറെക്കൊഴിച്ചുവെന്നും
പിണഞ്ഞ കണ്ണിണകൾക്കു മൃതിബോധത്തിരയേറ്റി
ഘനമൗനമൊരുക്കിയോ, രനുരാഗികൾ
ഒരിക്കലെങ്കിലും കണ്ട മുഖമെന്നോരടുപ്പത്തിൻ
ലഹരിയിൽ ലവണക്കാറ്റുറഞ്ഞു പോയീ
ഒതുക്കത്തിലടുത്തെത്തി ജലത്താളക്കിലുക്കത്താ -
ലിടം കോണിൽ വിരൽ തൊട്ട
നിമിഷാർധത്തിൽ
പിടഞ്ഞു വീണതി, ന്നാഴക്കയത്തിൻ കൂരിരുൾക്കാട്ടിൽ
തളച്ചിട്ടനിയോഗത്തിൻ രഹസ്യകേളി
വെറും വൃത്തക്കളത്തില, ല്ലതിൻ വ്യാസപ്പെരുക്കത്തി-
ലലച്ചുപോ, യശാന്തി തൻ വഴുക്കുപാടം
ഭയപ്പെട്ടു, തുണയില്ലാ, തകപ്പെട്ടോരിടത്തിൽ വായ്-
ത്തല മിന്നും പകപ്പിെൻറ പഴംപുരാണം
തിടുക്കത്തിൽ തുഴഞ്ഞേറി കരയ്ക്കെത്താൻ തുനിഞ്ഞപ്പോൾ
തുഴയില്ല, ജലമില്ല, കുരുതിക്കുന്ന്
അണിഞ്ഞ പൊയ്മുഖങ്ങളെ വിടർത്തിട്ടോരരയാലി-
ന്നുയരത്തിൽ കടവാവൽ കുറുമ്പൊരുക്കം
അകലുമ്പോൾ ചിറകൊച്ച കടുംതാളത്തുടിപ്പാട്ടായ്
നിറയുന്നൂ, മരവിച്ച മനസ്സിനുള്ളിൽ
ഇനിയില്ല, ജനിമൃതിക്കിടയിൽ നീയൊളിപ്പിച്ച
മദഗന്ധമിയലുന്ന ഋതുസംഗമം
കനിവറ്റ പഴങ്കാല കഥയൊന്നിൻ മറുവാക്കായ്
പടരുന്നൂ തിമിരത്തിൻ കരിംപായലും
തളിർക്കുന്നൂ പൊടിപ്പുക, ളവ ചുറ്റും നിറയുന്നൂ
പിണക്കം വിട്ടൊരുക്കുന്നൂ വസന്തകാലം
വിരൽത്തണ്ടാൽ നുണഞ്ഞൊന്നെൻ പ്രതിഛായ വിരുത്തത്തി-
ലതു മങ്ങിച്ചിരിക്കുന്നു, ണ്ടകത്തിപ്പൊഴും.