മഴ
കുത്തനെ പെയ്യും ചാഞ്ഞു പെയ്യും ചോർന്നൊലിക്കും. ആദ്യമെത്തുന്ന മിന്നലും അതുകഴിഞ്ഞെത്തുന്ന ഇടിയും പറഞ്ഞത്, ഇതൊന്നുമല്ല, മേഘങ്ങൾക്കിടയിൽ ഒറ്റ ഭാവംമാത്രം. ജൂണിലാണ് മഴ കുടയുമായെത്തുന്നത്. പള്ളിക്കൂടവും പടിപ്പുരയും വാതായനങ്ങളും ചാരി അകത്തേക്കു വരാതെ പുറത്തു നിൽക്കും. എല്ലാ മാർച്ചു മാസവും പിരിഞ്ഞുപോകുമ്പോൾ ആരും കാണാത്ത ഒരു ചൂടുമഴ പെയ്യും. പരീക്ഷക്കാലം പിരിഞ്ഞു പോക്ക് പടിയിറക്കം പുതിയവർക്ക്...
Your Subscription Supports Independent Journalism
View Plansകുത്തനെ പെയ്യും
ചാഞ്ഞു പെയ്യും
ചോർന്നൊലിക്കും.
ആദ്യമെത്തുന്ന മിന്നലും
അതുകഴിഞ്ഞെത്തുന്ന ഇടിയും പറഞ്ഞത്,
ഇതൊന്നുമല്ല,
മേഘങ്ങൾക്കിടയിൽ
ഒറ്റ ഭാവംമാത്രം.
ജൂണിലാണ് മഴ കുടയുമായെത്തുന്നത്.
പള്ളിക്കൂടവും പടിപ്പുരയും വാതായനങ്ങളും ചാരി
അകത്തേക്കു വരാതെ
പുറത്തു നിൽക്കും.
എല്ലാ മാർച്ചു മാസവും പിരിഞ്ഞുപോകുമ്പോൾ
ആരും കാണാത്ത ഒരു ചൂടുമഴ പെയ്യും.
പരീക്ഷക്കാലം
പിരിഞ്ഞു പോക്ക്
പടിയിറക്കം
പുതിയവർക്ക് വരാനുള്ള
വഴിയൊരുക്കം.
കിഴക്കനാകാശത്തെത്തുമ്പോൾ
മലയോര കർഷകരും ശത്രുവാകും.
അപ്പോൾ വരൾച്ചയെക്കുറിച്ച്
ആരും പറയില്ല.
ചിര്യോണ്ടനും കൈക്കോട്ട് താഴെവെച്ചു.
‘‘ഇല്ല, ഇന്നിത് തോരില്ല.’’
അന്നന്നു കിട്ടുന്ന ഭക്ഷണം.
അങ്ങനെ അയാളേയും പണിമുടക്കി.
മഴ
പച്ചമരക്കാടുകളിൽ നനയുന്നു.
ആരൊക്കെയോ വസ്ത്രം മാറുന്നു.
റബർത്തൊഴിലാളികൾക്ക്
റബറുടുക്കാൻ കഴിയില്ലല്ലോ.
ഇത്രയൊക്കെയായിട്ടും
മഴയുടെ സങ്കടം ആരും പറയുന്നില്ല.
ഓരോ മഴയ്ക്ക് ശേഷവും
പ്രത്യക്ഷപ്പെടുകയും
അപ്രത്യക്ഷപ്പെടുകയും ചെയ്യുന്ന
മഴവില്ലുകൾ.
ജലദോഷവും കൊതുകും
എല്ലാ കാലത്തുമുണ്ട്.
എന്നിട്ടും പറയുന്നു,
‘‘എന്തൊരു മഴ.’’
പാവം, പെയ്യാനേ അറിയൂ.
നീരാവിയായിപ്പോയതൊക്കെ
കടലിനും ഭൂമിക്കും
തിരിച്ചുനൽകുന്ന നിയോഗം.