മരിക്കുകയല്ലേ, ഒന്ന് മറിച്ചുനോക്കാം -വി. മുസഫർ അഹമ്മദ് എഴുതിയ കഥ
വൈകുന്നേരമാകുമ്പോൾ
മരിക്കണമെന്നു തോന്നും.
ഒരു തരി സയനൈഡ്
എന്നും കരുതിവെക്കും.
വെപ്പുപല്ലുവെച്ച
അന്നുമുതലുണ്ട്
ഈ നിരാശത.
കാൽമുട്ടും
വൃക്കയും
കരളും
മജ്ജയും
മാറ്റിവെച്ചു കൊണ്ടിരുന്നപ്പോൾ
അത് കൂടിക്കൂടി വന്നു.
ഓരോ തവണ
ആശുപത്രിയിൽ പോകുമ്പോഴും
ഈ വരി ഓർക്കും.
‘തരംഗ ലീലകൾ’.
ആ, പറഞ്ഞത് മുഴുവനായില്ല!
വൈകുന്നേരമായാൽ
എെന്റ വായനശാലയിലേക്ക്
മരിക്കാനായി താഴ്നിലയിൽ
നിന്നുള്ള ഒതുക്കുകൾ കയറും.
സയനൈഡെടുക്കും.
അതാ, ആ നിമിഷത്തിൽ
വായിച്ചിട്ടേയില്ലാത്ത
ഒരു പുസ്തകം
അലമാരിയിൽനിന്നു
വിളിക്കും.
മരിക്കുകയല്ലേ,
ഒന്നു മറിച്ചുനോക്കാം.
ആ മറിച്ചുനോക്കലിൽ
നേരം പുലരും.
പകൽവെളിച്ചത്തിൽ
മരിക്കാനാഗ്രഹമില്ലാത്തതിനാൽ
വൈകുന്നേരത്തിന്,
അടുത്ത സന്ധ്യക്കായി
വീണ്ടും കാത്തിരിക്കും.