വെട്ടം -കവിത
സൂര്യന് വന്നിതാ പരമ്പുവാതിലില് മുട്ടുമ്പോള്‍ വെട്ടത്തുള്ളികള്‍ തറയില്‍, നടന്നുപോവുന്നൂ സൂര്യന്. കാറ്റുകള്‍ പേരയ്ക്കുള്ളില് നിറയുമ്പോളീറ്റയിലകള് ഉരുമ്മുമൊച്ചകള് വീഴുന്നു വാക്കത്തി തിളക്കത്താലേ! വനത്തില്‍ ഇരച്ചാര്ക്കും മഴ, മരക്കൈയില് തൂങ്ങിയിതാ മലയിറങ്ങി, പുഴയാകെ നീന്തി കരയിലെത്തുന്നൂ, പറയുന്നു; 'വരൂ കയങ്ങള്ക്കുള്ളിലെ വീട്ടില്‍ പോകാം, പറക്കാം മീനുകളായി ജല മാനത്ത്’ പറച്ചില് കരച്ചിലായൊഴുകി. വീടിപ്പോള്‍, മഴ നനയുന്നു...
Your Subscription Supports Independent Journalism
View Plansസൂര്യന് വന്നിതാ പരമ്പു
വാതിലില്‍ മുട്ടുമ്പോള്‍
വെട്ടത്തുള്ളികള്‍ തറയില്‍,
നടന്നുപോവുന്നൂ സൂര്യന്.
കാറ്റുകള്‍ പേരയ്ക്കുള്ളില്
നിറയുമ്പോളീറ്റയിലകള്
ഉരുമ്മുമൊച്ചകള് വീഴുന്നു
വാക്കത്തി തിളക്കത്താലേ!
വനത്തില്‍ ഇരച്ചാര്ക്കും മഴ,
മരക്കൈയില് തൂങ്ങിയിതാ
മലയിറങ്ങി, പുഴയാകെ നീന്തി
കരയിലെത്തുന്നൂ, പറയുന്നു;
'വരൂ കയങ്ങള്ക്കുള്ളിലെ
വീട്ടില്‍ പോകാം, പറക്കാം
മീനുകളായി ജല മാനത്ത്’
പറച്ചില് കരച്ചിലായൊഴുകി.
വീടിപ്പോള്‍, മഴ നനയുന്നു
ഈറ്റപ്പുതപ്പില്ല, കലങ്ങളില്‍
താളം പിടിച്ചീണത്തിലാടി
വീടും നേരവുമൊന്നായി.
മഴയെപ്പോള്‍ തോരുമെന്ന്
വീടോര്ക്കുന്നു തണുപ്പാല്‍
പെട്ടെന്ന് സൂര്യന് പടിഞ്ഞാറ്
ഓറഞ്ചു വെട്ടം പരമ്പില് തട്ടി.
മണ്ണു നിറയേ ഓറഞ്ചു വട്ടം
ഇരുളും മുന്നേ മഴയെത്തുമോ?
ഓറഞ്ചുകളെല്ലാമൊഴുകുമോ?
മഴയില്ല, വെയിലുമില്ലിരുട്ടും!