പെലക്കളർ
കളർ തീണ്ടാത്തകുഞ്ഞുന്നാളിൽ അമ്മച്ചിയുടെ ഒറ്റ സാരി പെരേലെ കാഴ്ചവസ്തുവായിരുന്നു. നീലയിൽ കുളിച്ച് ചുവപ്പ് അരുക് തുന്നിയ ചേല. മൂടു പോയ തകര പെട്ടിയിൽ ഒടിഞ്ഞു ചുളുങ്ങി കിടക്കും. പാറ്റ നക്കിയ മണം പെരയിലാകെ പരക്കും. കൂര ചോരുമ്പോൾ വാഴയില വെട്ടി പൊതപ്പിക്കും. കനച്ചമണം അയയിലാടി വെയിൽ പൂക്കൾ തിന്നും ചാക്കാലക്കും മിന്നുകെട്ടിനും തെരണ്ടുകുളിക്കും നീലയിൽ...
Your Subscription Supports Independent Journalism
View Plansകളർ തീണ്ടാത്ത
കുഞ്ഞുന്നാളിൽ
അമ്മച്ചിയുടെ
ഒറ്റ സാരി
പെരേലെ കാഴ്ചവസ്തുവായിരുന്നു.
നീലയിൽ കുളിച്ച്
ചുവപ്പ് അരുക്
തുന്നിയ ചേല.
മൂടു പോയ
തകര പെട്ടിയിൽ
ഒടിഞ്ഞു ചുളുങ്ങി കിടക്കും.
പാറ്റ നക്കിയ
മണം പെരയിലാകെ
പരക്കും.
കൂര ചോരുമ്പോൾ
വാഴയില വെട്ടി പൊതപ്പിക്കും.
കനച്ചമണം
അയയിലാടി
വെയിൽ പൂക്കൾ തിന്നും
ചാക്കാലക്കും
മിന്നുകെട്ടിനും
തെരണ്ടുകുളിക്കും
നീലയിൽ കുളിച്ചങ്ങനെ
അമ്മച്ചിനിൽക്കും.
കെട്ടിലമ്മയായല്ലോയെന്നച്ഛനും.
ലംപ്സം ഗ്രാന്റ്
വാങ്ങാൻ
സ്കൂളിലെത്തുമ്പോൾ
ചേലയിലമ്മ
കറുത്തു ജ്വലിക്കും
നീലയിൽ പുള്ളികുത്തി
ചളി മായാതെ
ചിരിക്കും...
‘പെലേരെടെ നിറം’
കുട്ടികൾ ചരിഞ്ഞും
മറിഞ്ഞും ചിരിക്കും.
ഒളിഞ്ഞു പാഞ്ഞ്
ഞാനമ്മയെ നോക്കും.
എലേപ്പം വാങ്ങിത്തരാം
അമ്മ പറയും...
കാലടർന്ന ബഞ്ചിലമ്മ
ചേർത്തുപിടിക്കും.
അപ്പത്തിൽനിന്നും ഇല ചുരണ്ടുമ്പോൾ
കണ്ണിലേക്ക് നോക്കും.
കടും ചായ മോന്തി
അമ്മ ചിരിക്കും...
തമ്പ്രാട്ടി തന്നതാ
അമ്മൂമ്മ
പറഞ്ഞതമ്മ പലവുരി
പറയും...
ചേല തുമ്പിലുമ്മ നൽകും...
ചേലോടെ വീണ്ടും വീണ്ടും
കണ്ണാടി നോക്കും.
ഓണത്തിനാദ്യമായി
ചൊമന്ന നിക്കർ.
കവറിനുള്ളിൽ
കത്തുന്ന ഗന്ധം.
ഊഞ്ഞാലിൽ പായുമ്പോൾ
കൂട്ടുകാരിയുടെ പരിഭവം...
ച്ചേ... പെല കളർ.
നിറങ്ങൾ തുള്ളി
കരള് കീറും...
കണ്ണ് നീറിയപ്പോഴും
അമ്മ ചിരിക്കും...
പെലേരെടെ
കളറ്
കേൾക്കാത്ത ഭാവത്തിലമ്മ
പറയും
പെലേരുടെ കളറ്
ചേറിന്റെ കളറാ
ജീവിതം കുഴച്ച പുലത്തിന്റെ,
നേരിന്റെ, നെന്മണിയുടെ
നട്ടാൽ പൂക്കുന്ന
നന്മയുടെ കളറ്
ചന്തിയ കീറി
തുന്നി കുത്തിയ
നിക്കറിന്റെ
കളറ് തേഞ്ഞു,
നീല ചേല
ചിത്രങ്ങൾ തുന്നി
ചിതലുകൾ കട്ടെടുത്തു...
പെലേർക്കൊരു...
നിറമുണ്ടോ..?