മഹാമാരി - ഉണങ്ങാത്ത മുറിവുകൾ-കവിത
text_fieldsകോവിടെന്ന മഹാമാരി വന്നരിഞ്ഞു മാറ്റി
എൻ്റെ ഒരംഗുലത്തെ
ചോര കിനിയുന്നാ മുറിപ്പാടെന്നുണങ്ങു-
മെന്നെനിക്കറിയില്ലിന്നും……..
കളിച്ചും ചിരിച്ചും തമ്മിലടിച്ചും
പിന്നീടിണങ്ങിയും കെട്ടിപ്പിടിച്ചും
പഞ്ച പാണ്ഡവരെപോലെ
കഴിഞ്ഞ ബാല്യ കൗമാരങ്ങൾ
മനസ്സിൽ തെളിയുന്നു
മിഴികളിൽ അശ്രു കണങ്ങളുമായീ…….. .
ജീവിത പന്ഥാവിലെ
ബാലികയറാമലകളെല്ലാം കയറിയപ്പോൾ
വന്ന പാളിച്ചകൾക്കു നേരെ വന്ന
ശരങ്ങൾക്കു മുന്നിൽ
നിശബ്ദനായി നിന്നപ്പോഴെല്ലാം
നിന്മനസ്സിലെ നെരിപ്പോടും
നിൻകൺകോണിലെ അശ്രുകണങ്ങളും
ഞാനറിഞ്ഞിരുന്നു.
ജീവിത കളരിയിലെ ചാട്ടവുമാട്ടവും നിറുത്തി
ഒരു പിടി നല്ലയോർമ്മകൾ നൽകി
ഒരുവാക്കു പറയാതെ…..
ഒരു നോക്കു കാണാതെ…..
പ്രിയമുള്ളൊരാരും അടുത്തില്ലാതെ
തീരാവേദനയായീ പിരിഞ്ഞില്ലേ നീ !
ആറടി മണ്ണിലലിഞ്ഞില്ലേ നീ !
മറവിതൻ ആഴിയിൽ
മായാതെ മറയാതെ
ഓർമ്മകൾതൻ പൂങ്കാവിൽ
കണ്ണീർപൂക്കളായെന്നും
വിരിയും നീ……..
നിന്റെ കൈകൾകൊണ്ട് നട്ടുനനച്ചു
നീ വളർത്തിയ തൈകളും മാമരങ്ങളും
നിന്നെ നിനച്ചിരിക്കുന്നൊരു പൈക്കിടാവും
നിന്റെ തലോടലിന്നായീ കൊതിക്കുന്നു. .
നീ നിന്റെ കാലടി പാടുകളീ മണ്ണിൽ
പതിപ്പിച്ചു പോയിമറഞ്ഞകലെ
ഇങ്ങിനിയെത്താനാകാത്ത വിധം
എന്നാ പാവങ്ങളറിയുന്നില്ലല്ലോ !
ആയിരമല്ല… പതിനായിരമല്ല… ലക്ഷങ്ങൾ…
കോവിടെന്ന മഹാമാരിയാൽ
സുന്ദരമീ ഭൂവിൽ ജീവിച്ചു കൊതി തീരാതെ
അകാലത്തിൽ പൊലിഞ്ഞപ്പോൾ,
വേർപാടിൻ വേദനയാൽ
ഹൃദയം നൊന്ത് കേഴുന്നവരും,
അനാഥമായ ബാല്യങ്ങളും,
നേർവഴി കാണിക്കാനാരു-
മില്ലാതെ പോയ കൗമാരങ്ങളും
ജീവിത നൗകയിൽ ഒറ്റപെട്ടു പോയ
യുവ മിഥുനങ്ങളും
ആരാരുമാശ്രയമില്ലാതായ
വൃദ്ധ മാതാപിതാക്കളും
ആര് കാണും നിങ്ങൾ തൻ ഹൃദയ വ്യഥ……..
ദൈവം മനുജന് കാരുണ്യപൂർവം
നൽകിയ സിദ്ധികൾ മനുഷ്യകുലത്തിനു
സർവനാശം വിതയ്‌ക്കാതെ
അപരൻ്റെ നന്മയ്ക്കും വിശ്വശാന്തിക്കും
ഉപയുക്തമാക്കാൻ മർത്യൻ തൻ
അകക്കണ്ണുകൾക്കേകണെ വെളിച്ചം, ദേവാ……..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.