ആത്മഹത്യ ചെയ്തവന്റെ വീട്
മഴക്കാലത്ത് കുടയെടുക്കാതെ സ്കൂളിൽ
പോയ കുട്ടിയെപ്പോലെ
ആത്മഹത്യ ചെയ്തവന്റെ വീട്
പെയ്തൊഴിയാൻ
കാത്തിരിക്കും
ഇറങ്ങിയോടാൻ വെമ്പും
മറ്റാരെയോ കാത്ത്
ഒപ്പം നനയാൻ തയ്യാറെടുക്കും.
സങ്കടങ്ങളുടെ കടലും, പുഴയും
മുറ്റത്തും പറമ്പിലുമായി സ്ഥാനം പിടിച്ചതുകണ്ട്,
സ്വയമൊരു ദ്വീപായി
ആത്മഹത്യ ചെയ്തവന്റെ വീട് ഭൂപടം തുന്നും.
നിലവിളികളുടെ ചില്ലു കഷ്ണങ്ങൾ
പെറുക്കാൻ കഴിയാതെ
ആത്മഹത്യ ചെയ്തവന്റെ വീട്
നിന്നുകത്തുന്ന ഒറ്റത്തടി വൃക്ഷമാവും.
മരണപ്പെട്ടവനുമാത്രം അറിയാവുന്ന
ചില രഹസ്യങ്ങൾ, സ്വകാര്യതകൾ
ഏറ്റവും അടുത്ത സുഹൃത്തിനെന്നപ്പോലെ
ആത്മഹത്യ ചെയ്തവന്റെ വീടിനുമറിയാം...
ആത്മഹത്യ കുറിപ്പിന് ഏക സാക്ഷി
മരണത്തിലേക്കു നടക്കുമ്പോഴും
മൂകമായി കൈവീശിയ ഏകാന്തത
എല്ലാത്തിനും ആത്മഹത്യ ചെയ്തവന്റെ വീട്
സാക്ഷി വിസ്താരത്തിലെ കുറ്റവാളി...
ഒന്നു പൊട്ടിക്കരയാൻ കഴിയാത്തത്രയും
കനങ്ങൾ ഒറ്റച്ചുമലിൽ താങ്ങി
ഒരു കുടുംബനാഥനെപ്പോലെ എന്നും
വിതുമ്പലിന്റെ കെട്ടുറപ്പിൽ
കണ്ണു കലങ്ങിച്ചിരിക്കുകയായിരിക്കും
ആത്മഹത്യ ചെയ്തവന്റെ വീട്.