Begin typing your search above and press return to search.
ആരും കേൾക്കാതെ
Posted On date_range 15 Oct 2023 6:32 AM GMT
Updated On date_range 15 Oct 2023 6:32 AM GMT
ആരോടും ഒന്നും
പറയാനില്ലാതെയാകുമ്പോൾ
അയാൾ ഒരു ശൂന്യതയായി മാറും.
വെളിയിലെ
ചെറിയ അനക്കങ്ങളിലേക്ക്
നോക്കുമ്പോൾ
ഉള്ളിലെ മൗനത്തിന്റെ കനപ്പിൽ
ഒരു ശബ്ദം
ഒച്ച വെക്കാതെ പറക്കും.
കണ്ണുകളെ മൂടുന്ന
കാഴ്ചകളോട്
വെറുതെ പരിതപിക്കും.
നേരം പോകാതെയാകുമ്പോൾ
കണ്ണടച്ചിരിക്കും.
കണ്ണ് തുറന്ന്
ഒന്നിളകി
നരച്ച കസേരയിൽ
അമർന്നിരിക്കും.
പിന്നെ
തന്നോട് തന്നെ,
ആരും കേൾക്കാതെ,
സംസാരിച്ച് സംസാരിച്ച്...