വറ്റുന്നിടത്താണ് പുഴ വാചാലയാകുന്നത്
വറ്റുന്നിടത്താണ് പുഴ
വാചാലയാകുന്നത്.
ആഴങ്ങൾ തിരയുന്ന
പുഴയുടെ
നെടുവീർപ്പുകൾമാത്രം
ജലപ്പരപ്പിൽ കാണാം..
തന്നെ പറ്റിച്ചിട്ട്
കള്ളനെപ്പോലെ മറയുന്ന
കാർമേഘത്തോട്
ഇനിയെന്നാണ് നീ
എന്റെ സമൃദ്ധിയെ
അടയാളപ്പെടുത്തുക
എന്ന സങ്കടം
പറഞ്ഞു പറഞ്ഞ്...
തന്നിലേക്ക്
നീന്താനായി
ഓടിയെത്തുന്ന
കുരുന്നുകളോട്
ജീവിതത്തിന്റെ
ബാലപാഠം
പകർന്നു പകർന്ന്.
കല്ലിട്ട് വെള്ളം
ഉയർത്തിയ
കാക്കയുടെ
ബുദ്ധിയെ
പ്രശംസിച്ച്...
തന്നിലെ അവസാന
തുള്ളികളിൽ
പറ്റിനിൽക്കും
ആമ്പലിനോട്
കിന്നാരം ചൊല്ലിച്ചൊല്ലി...
ചുട്ടുപഴുത്തിരിക്കുന്ന
പാറക്കൂട്ടങ്ങൾ
ദാഹിച്ച് ദാഹിച്ച്
ചുണ്ടു നനക്കുവാൻ
കൊതിക്കുമ്പോൾ
ചെറു ഓളങ്ങൾപോലും
ചലിപ്പിക്കാനാവാതെ
ഉള്ളിലടക്കും
സങ്കടക്കടലിനാൽ
പാറക്കൂട്ടത്തോട്
കാത്തിരിപ്പിന്റെ
കഥകൾ
ഓരോ പകലിലും
പറഞ്ഞു പറഞ്ഞ് ...
തന്നിലവശേഷിക്കും
ചെറുമീനുകളോട്
വയൽപാടങ്ങൾ
വരണ്ട ചുണ്ടുകീറി
പൊട്ടിയ മുറിപ്പാടുമായ്
കിടക്കുന്നതും,
ജലചക്രങ്ങൾ
ചവിട്ടാനാളില്ലാതെ
കാഴ്ചവസ്തുവായ്
മാറുന്നതും,
കേരവൃക്ഷങ്ങൾ
കായ്ക്കാത്ത
ഉണക്ക മരമാകുന്നതും
കണ്ടില്ലേ
എന്ന് മന്ത്രിച്ച്...
വറ്റുന്നിടത്താണ് പുഴ
വാചാലയാകുന്നത്.
തനിക്ക് വേനൽ
സമ്മാനിക്കും
സൂര്യകിരണങ്ങളോട്
മൃതിയുടെ
ജലച്ചിത്രം വരക്കുവാൻ
ആവശ്യപ്പെടുന്നതും
അപ്പോഴാണ്.
വേനലിന്റെ തീക്കനലിൽ
പകലിരവുകളെ
അതിജീവിക്കാൻ
പുഴയിങ്ങനെ
വാചാലയാകുമ്പോൾ
പുഴക്കു മുകളിലൂടെ
വേനലിന്റെ
ആലസ്യം പോലും
വകവെക്കാതെ
നിറയെ യാത്രക്കാരുമായ്
തീവണ്ടി അപ്പോഴും
കുതിച്ചു പായുന്നുണ്ടായിരുന്നു.