ലൈസാത്ത

ആകാശത്തിന്റെ
അങ്ങേയറ്റത്തൂന്ന്
ഇങ്ങേ തലയ്ക്കലേക്ക്
നേർരേഖയിൽ ചലിക്കും
വാവലുകളെ
എണ്ണിയെണ്ണിയെടുക്കും
മൂന്തിക്ക്
ലൈസാത്ത തൂങ്ങിയെന്നൊരു
വാക്ക്, നടവരമ്പിലൂടെ
കേറി വന്ന് ഞങ്ങടെ
തിണ്ണമേലിരുന്ന്.
‘‘യ്യോ! അവരെന്തരിനത് ചെയ്തൂ’’ന്ന്?
അടിപ്പിൻത്തിണ്ണേന്നൊരു
മറുവാക്ക് അരസൻ
ബീഡിക്ക് തീ കൊളുത്തുന്നേരം
ആകാശത്തിലെ വവ്വാൽവട്ടം
കണ്ടെന്റെ പൊറമാകെ
പെരുത്ത് കേറണ്.
ലൈസാത്തയെ
കാണുമ്പോഴൊക്കെ
പെണ്ണുങ്ങള് തൂത്ത് പിടിച്ച്
പ്രാകും.
ആണുങ്ങളായ ആണുങ്ങളൊക്കെ
അവൾടെ കാലിന്നിടേലാണെന്ന്
പള്ളു പറയും.
എന്നിട്ടും.
പെണ്ണുങ്ങളുടെ
പള്ളുപ്പറച്ചിലുകൾക്കുമൊക്കെ മീതെ
ഉറുമ്പുകളെപ്പോലെ ആണുങ്ങൾക്ക്
ചെറകുകൾ മുളയ്ക്കുന്നു
ഇയ്യാമ്പാറ്റകളായവർ
ആകാശത്തിലേക്ക് പറന്നു
പോകുന്നു.
ചുണ്ടിലെരിയും ബീഡിപ്പൂവ്.
കണങ്കാൽ കാണേ
തെറുത്ത് കേറ്റിയ
കള്ളിമുണ്ട്.
ആണുങ്ങളായ ആണുങ്ങളെയൊക്കെ
വെല്ലുവിളിച്ച് നെരത്തേ
നടന്നുപോകും ലൈസാത്ത.
അവർ പോകുംവഴിയേ
കൂട്ടുപോകും അത്തറിൻ മണം
സ്വപ്നം കണ്ട നട്ടുച്ചരാത്രികളിലൊന്നിലല്ലേ
ഞാനും ആദ്യമായി
ആണായത്
ഇയ്യാമ്പാറ്റ ചെറകുകൾ മുളച്ചത്.
അവരുടെ ഖബറിൽനിന്നൊരു
കാട്ടുചെടി മുളപൊട്ടുന്നതും
അതിൽ മഞ്ഞയും ചുവപ്പും
ചിറകുകളുള്ള അനേകം
വാവലുകൾ വിരിയുന്നതും
എനിക്കെണ്ണുവാൻ പാകത്തിന്
അവ ആകാശത്തിലേക്ക്
പറന്നുപോകുന്നതും
ഞാനിനിയെന്നാകും
സ്വപ്നം കാണുക.