മുന്തിരി വ്ലോഗിന്റെ പാസ് വേഡ്

പ്രേമത്തിലായതിൽ പിന്നെയാണ്
കടുംനിറങ്ങളോടവർക്ക് പ്രിയം പെരുകിയത്.
പ്രേമത്തിന്റെ സങ്കീർത്തനങ്ങൾ
പാടുവാനേറെയുണ്ടായിരുന്നതിനാൽ അവരുടെ
പ്രഭാതങ്ങളും സായാഹ്നങ്ങളും
കൂൾകോഫി നുണഞ്ഞു തുടങ്ങുകയായിരുന്നു.
വെബ് സീരീസിലെ
നായികയായവൾ സെൽഫിനേരങ്ങളിൽ
അവനോട് ചേർന്നിരുന്നു.
അവളുടെ കണ്ണിലൊളിപ്പിച്ച നീലക്കടലിലേക്കിറങ്ങി
ച്ചെന്നയന്ന് അവനവളെ ആദ്യമായി
വ്ലോഗിനുള്ളിലേക്ക് വിളിച്ചു.
അവളവന്
എവിടെനിന്നും തുറക്കാവുന്നതും എപ്പോൾ
വേണമെങ്കിലും റീസെറ്റ് ചെയ്യാവുന്നതുമായ
അവളിലേക്കുള്ള പാസ് വേഡ് പകുത്തിരുന്നു
അവനാ വ്ലോഗിൽ
അവൾക്കായ് മുന്തിരി വീഞ്ഞിന്റെ
മധുരവും ലഹരിയും നിറച്ചു നിറച്ചു കാത്തിരുന്നു.
മുന്തിരിവ്ലോഗ്!
അവരതിനെ ഓമനിച്ച് അങ്ങനെ വിളിച്ചു...
പ്രണയം പൂക്കുന്ന വ്ലോഗിൽ
മഴ നനയുന്നതും പുഴയിലിറങ്ങുന്നതും
ചുണ്ടോടു ചുണ്ടു നുണയുന്നതും പതിവായി...
റെയിൽവേ സ്േറ്റഷൻ, കടൽത്തീരത്തെ
പതുപതുത്ത മണൽപ്പരപ്പ്,
എല്ലാം നമ്മളല്ലേ..! നമുക്കുള്ളതല്ലേ..!
വ്ലോഗ് ചിരിയൊതുക്കി.
അറിഞ്ഞുകൊണ്ട്
പ്രണയിനികളും
അറിയാതെ ഞാനും
അവരെ ഫോളോ ചെയ്തു തുടങ്ങി.
പ്രണയമെത്രമേൽ മാറിപ്പോയിരിക്കുന്നു.
അവരുടെ വ്ലോഗാകെ
തമ്മിൽത്തമ്മിൽ കുറുകുന്ന കിളികളാണല്ലോ.
അവരവിടെ സ്വാതന്ത്ര്യത്തിന്റെ പഴങ്ങൾ
ഇഷ്ടത്തോടെ കൊറിച്ചിരിക്കുന്നു.
പ്രേമത്തിന്റെ ഗരിമയിൽ
അവരേതോ ലോകത്ത് ഉന്മാദത്തിന്റെ
രാനീലകളത്രയും മോന്തി മത്തുപിടിച്ചിരിക്കുന്നു.
ഹൊ! ഞാനെത്ര പിറകിലാണ്
എന്ന വ്യസനത്തിൽ നീറി നീറി
അന്നു രാത്രി ഞാനൊരു പുതു
പ്രേമകവിതയെഴുതാൻ ഭാഷ പരതി.
ആരുമെഴുതാത്ത, അത്രമേലാരെയും
കൊതിപ്പിക്കുന്ന പ്രേമകവിത.
ഞാനിപ്പോൾ സ്വാതന്ത്ര്യമുള്ള
ഒരു കവിതയെ ജനിപ്പിക്കുകയും ലോകത്തിനായി
പാകപ്പെടുത്തുകയുംചെയ്തിരിക്കുന്നു.
അതിനാൽ മാത്രം.
മുന്തിരിവ്ലോഗിലെ പുതുപ്രണയത്തിന്റെ
പാസ് വേഡ്
എനിക്കിപ്പോൾ വ്യക്തമായി കാണാം...
പരസ്പരം തുറക്കപ്പെടുന്ന പുതുലോകം.
അതിലോരോ പ്രണയപ്പറവകൾ,
അവരങ്ങനെ തൂവലഴകു വിരിയിച്ച്,
കൊക്കുചേർത്ത്, മേഘങ്ങൾക്കുമേലെ
പറക്കുന്നതു നോക്കൂ...