Begin typing your search above and press return to search.
proflie-avatar
Login

രണ്ട്​ കവിതകൾ

രണ്ട്​ കവിതകൾ
cancel

മീനുകൾ ഉടൽകൊണ്ടെഴുതിയ ചിത്രങ്ങൾ പുഴ വറ്റുമ്പോൾഫോസിലുകളായി അവശേഷിക്കും മീനുകൾ ഉടൽകൊണ്ടെഴുതിയ ചിത്രങ്ങൾ അതുപോലെ പ്രകൃതിയുടെ പ്രിയചിത്രകാരാ... അടയാളപ്പെടുത്തുക ഞാൻ കുതറിപ്പൊഴിച്ച തൂവലുകൾ കൺപീലിയരിച്ചെടുത്ത ഉപ്പു ലായനിയിൽ, ധമനികൾ പൊട്ടിയ ചുവപ്പിൽ ചാലിച്ച്... വരയുടെ അനാട്ടമികൾ ലംഘിച്ച് രേഖപ്പെടുത്തുക... രേഖാലയങ്ങളുടെ ചില്ലു ഭിത്തികൾ ഭേദിച്ച് അണു പരാഗങ്ങൾ വീണ്ടും മീനുകളായി പുനർജനിക്കുമപ്പോൾ... അപരിചിതൻ ഇതുവരെ അരൂപിയായിരുന്ന നിന്നെ സംവത്സരങ്ങളുടെ പടി കടന്ന് ഇന്നു ഞാൻ കണ്ടു... വെയിൽതിള ഒലിച്ചു പരന്ന പാതയിലും നഗ്നപാദനായിരുന്നു നീ ആകാംക്ഷയുടെ തിരിയറ്റം ഒരു...

Your Subscription Supports Independent Journalism

View Plans

മീനുകൾ ഉടൽകൊണ്ടെഴുതിയ ചിത്രങ്ങൾ

പുഴ വറ്റുമ്പോൾ

ഫോസിലുകളായി അവശേഷിക്കും

മീനുകൾ ഉടൽകൊണ്ടെഴുതിയ ചിത്രങ്ങൾ

അതുപോലെ

പ്രകൃതിയുടെ പ്രിയചിത്രകാരാ...

അടയാളപ്പെടുത്തുക

ഞാൻ കുതറിപ്പൊഴിച്ച തൂവലുകൾ

കൺപീലിയരിച്ചെടുത്ത

ഉപ്പു ലായനിയിൽ,

ധമനികൾ പൊട്ടിയ ചുവപ്പിൽ ചാലിച്ച്... വരയുടെ അനാട്ടമികൾ ലംഘിച്ച്

രേഖപ്പെടുത്തുക...

രേഖാലയങ്ങളുടെ

ചില്ലു ഭിത്തികൾ ഭേദിച്ച്

അണു പരാഗങ്ങൾ വീണ്ടും

മീനുകളായി പുനർജനിക്കുമപ്പോൾ...

അപരിചിതൻ

ഇതുവരെ അരൂപിയായിരുന്ന നിന്നെ

സംവത്സരങ്ങളുടെ പടി കടന്ന്

ഇന്നു ഞാൻ കണ്ടു...

വെയിൽതിള ഒലിച്ചു പരന്ന പാതയിലും

നഗ്നപാദനായിരുന്നു നീ

ആകാംക്ഷയുടെ തിരിയറ്റം

ഒരു പൊട്ടിത്തെറിക്ക് നിമിഷമെണ്ണുമ്പോഴും

ആൾക്കൂട്ടത്തെ നിസ്സംഗനായും

നിസ്സഹായനായും കാണാൻ പഠിച്ചവൻ.

പതിരായ വാക്കിൻ

അന്ധസമസ്യകൾക്ക്

വാക്കാഴങ്ങളിൽനിന്നും കടഞ്ഞ

തീക്കനൽ കൂട്ട്...

ചിരപരിചിതനെപ്പോലെ തൂവിയ മന്ദസ്മിതത്തിൽ

നൂറ്റാണ്ടുകളുടെ ചരിത്രപാഠങ്ങൾ

ആലേഖനംചെയ്ത മിഴികളിൽ നീ

ആയോധനത്തിന്റെ ബോധിസ്വത്വനായി

കരുണയുടെ ബുദ്ധനായി.

പ്രിയമിത്രമേ...

എവിടെ വെച്ചെന്ന് ഓർക്കുവാനേ കഴിയുന്നില്ല...

ഏതു കണ്ടുമുട്ടലുകൾക്കും

വേർപിരിയലിന്റെ അനിവാര്യതയുള്ളത്

അറിയാതിരിക്കാൻ

നീയെനിക്ക് അപരിചിതനാവുന്നു...


News Summary - Malayalam poem