മാർജാരം

ഊരുതെണ്ടികളുടെ മുജ്ജന്മമുണർന്നു വന്നിണക്കങ്ങളെ തട്ടിത്തെറിപ്പിച്ചുണർത്തുന്നു വിളിച്ചുകൊണ്ടുപോയി കൈവിട്ടു മറയുന്നു പകച്ചു പോകുന്നപ്പോൾ തുറസ്സ് വലം ചുറ്റി തിരിഞ്ഞ വാലിൻതുമ്പു കാട്ടിയ ദിശയിലൂ- ടെത്താത്ത പുറമ്പോക്കിൽ, പീടികത്തിണ്ണയ്ക്കക- ത്താളുകൂടിയ വിരുന്നേതിലും നിഷ്‍കാസിതൻ വീടുപേക്ഷിക്കുന്നോന്റെ ജാതകം സുഖങ്ങളെ പുറംകാൽകൊണ്ട് തോണ്ടിയെറിഞ്ഞ വൈരാഗിയെ നിമിത്തം ഫലിച്ചെന്നു നിനയ്ക്കും വിഷാദിയെ പുനഃപ്രതിഷ്ഠിക്കുന്നു, വിങ്ങുന്നു വീടിന്നോർമ രുചിയും സ്നേഹക്കൂറും പണ്ടു തൊണ്ടയിൽ മുള്ളുകൊണ്ട നൊമ്പരംപോലെ വറ്റിറങ്ങാത്ത പുണ്ണിൽ പുരളുമെരിപോലെ വേട്ടയാടിയതിന്റെ ചോരയും...
Your Subscription Supports Independent Journalism
View Plansഊരുതെണ്ടികളുടെ മുജ്ജന്മമുണർന്നു
വന്നിണക്കങ്ങളെ തട്ടിത്തെറിപ്പിച്ചുണർത്തുന്നു
വിളിച്ചുകൊണ്ടുപോയി കൈവിട്ടു മറയുന്നു
പകച്ചു പോകുന്നപ്പോൾ തുറസ്സ് വലം ചുറ്റി
തിരിഞ്ഞ വാലിൻതുമ്പു കാട്ടിയ ദിശയിലൂ-
ടെത്താത്ത പുറമ്പോക്കിൽ, പീടികത്തിണ്ണയ്ക്കക-
ത്താളുകൂടിയ വിരുന്നേതിലും നിഷ്‍കാസിതൻ
വീടുപേക്ഷിക്കുന്നോന്റെ ജാതകം സുഖങ്ങളെ
പുറംകാൽകൊണ്ട് തോണ്ടിയെറിഞ്ഞ വൈരാഗിയെ
നിമിത്തം ഫലിച്ചെന്നു നിനയ്ക്കും വിഷാദിയെ
പുനഃപ്രതിഷ്ഠിക്കുന്നു, വിങ്ങുന്നു വീടിന്നോർമ
രുചിയും സ്നേഹക്കൂറും പണ്ടു തൊണ്ടയിൽ
മുള്ളുകൊണ്ട നൊമ്പരംപോലെ
വറ്റിറങ്ങാത്ത പുണ്ണിൽ പുരളുമെരിപോലെ
വേട്ടയാടിയതിന്റെ ചോരയും ചൂരും ചേർന്ന്
മൂർച്ചയാൽ നഖം വാർന്ന മാംസവുമെല്ലും കാട്ടും
മുരളുമിരുട്ടുവാക്കിലെ കാമുകൻ, കോർത്ത-
നഖരം, മുഖം, കൂർത്ത പല്ലിലും കാമം ചീറ്റും
കാടിളക്കിയ പൂർവബന്ധുക്കളിറങ്ങി-
വന്നാളുന്ന മിഴികളാൽ ചൂട്ടു കത്തിയ്ക്കും മുന്നിൽ
നിർത്തുവാനാകാത്തൊരു
ഘർഷണം പിൻകാലിനാൽ
കെട്ടണഞ്ഞുപോയൊരടുപ്പുകൽ തിരഞ്ഞില്ല
മുറ്റത്ത്, തൊഴുത്തിന്റെയറ്റത്തുമിറയത്തും
കത്തികൊണ്ടാരോ പോറിമറയുന്നെല്ലാരാവും
വീട്ടുനായകൾ മണം പിടിച്ച പിന്നാമ്പുറം
മൂത്രമിറ്റിക്കുന്നൊരു നീറ്റുന്നയോർമയ്ക്കു മേൽ,
പാലുപാത്രത്തിലരംപോലെയൊന്നുരയുമ്പോൾ
പാതിരരഹസ്യത്തിൽ തുളുമ്പി വീഴുന്നുണ്ട്
നാഡീകോശങ്ങളൊരേയൊച്ചയിലാർക്കുന്നുണ്ട്
നാടുതെണ്ടിക്കു പോലുമറിയാത്തൂരിൻ പേര്.