ഏകാന്തം

അറവു കത്തികൾ
അട്ടത്തെറിഞ്ഞ്
നെഞ്ചിൽ കൈവച്ച്
ഒന്നാം തിയ്യതി
കേണൽ പറഞ്ഞു;
‘‘ഈ കൊല്ലമെങ്കിലും
ആരെയും കൊല്ലാതെ
കഴിക്കണം..!’’
പിന്നെ,
അധികാര ചിഹ്നമണിഞ്ഞ്
അനുചരന്മാർക്കൊപ്പം
അയാൾ
മരിച്ചവരെ കാണാൻ പോയി
അയാളുടെ ചവിട്ടിൽ
കൂട്ടംതെറ്റിയ
കുഞ്ഞുറുമ്പുകൾ
ദിക്കും ദിശയും
തിരിയാതലഞ്ഞു
വീട്ടിലേയ്ക്കുള്ള
വഴിമറന്ന വൃദ്ധർ
ഓർമയുടെ ഭൂപടത്തിൽ
ശ്മശാനം തേടിയലഞ്ഞു
അപ്പൊഴും കേണൽ
അനുചരൻമാരെ
ആഞ്ഞാഞ്ഞു നയിച്ചു
നാട്ടിൽ ആളുകൾ
സംതൃപ്തരല്ലേ-
കേണൽ ചോദിച്ചു
ആളുകൾ
‘പ്രതീക്ഷ തിന്നാണ്’*
ജീവിക്കുന്നത്
വഴിയിലാരും
മരിച്ചവരെച്ചൊല്ലി
വിലപിക്കുന്നില്ല
കൊന്നവരുടെ വാഴ്ത്തു
പാട്ടുകളാണെങ്ങും-
അനുഗാമികൾ വിസ്തരിച്ചു
അതിനാൽ,
മരിച്ചവരുടെ കുഴിമാടത്തിൽ
ചവിട്ടിനിന്ന്
കൊന്നവർക്കൊപ്പം
സെൽഫിയെടുത്ത്
അയാൾ മടങ്ങി...
എന്തെന്നാൽ
സെൽഫി
ഒരേകാന്ത ഭാഷണമാണ്
എല്ലാ കേണൽമാരും
ഏകാന്തരാണ്.
===========