Begin typing your search above and press return to search.
proflie-avatar
Login

പരിചയം

Malayalam Poem
cancel

ട്രാഫിക്ക് ബ്ലോക്കിൽ ബൈക്കിൽ

അയാൾ

എതിരെ നടന്നുപോകുന്ന

ഞാൻ

അടുത്തെത്തിയപ്പോൾ

അപരിചിതവും

നേരിയതുമായ സ്തബ്ധതയാൽ

രണ്ടാളും പിടികൂടപ്പെട്ടു.

രണ്ടുപേരും ഇട്ടിരിക്കുന്നത്

ഒരേ ഷർട്ടാണ്.

നിറം, തരം, തുണി, തുന്നൽ

എല്ലാം ഒന്നുതന്നെ.

പ്രായോഗികമായി

ആലോചിച്ചാൽ,

ഒരേ നഗരത്തിൽ ജീവിക്കുന്ന

അപരിചിതരായ രണ്ടുപേർ

ഒരേ കമ്പനിയുടെ ഒരേ ഷർട്ട്

വാങ്ങി ഉപയോഗിക്കുന്നതിൽ

ആശ്ചര്യങ്ങളൊന്നുമില്ല.

എന്നിട്ടും എന്തിനോ

പരസ്പരമുടക്കിയ കണ്ണുകളിൽ

ഒരു ചിരി തുടങ്ങുന്നതിന്റെയും

എന്തോ പറഞ്ഞുകൊണ്ടുമാത്രം

പൂർത്തിയാകാനുള്ള

ഒരു നിമിഷത്തിനുവേണ്ടി

മനസ്സനങ്ങുന്നതിന്റെയും

സൂചനകളുണ്ടായി.

സൂചനകൾ മാത്രമേ ഉണ്ടായുള്ളൂ;

അസാധാരണതകൾക്ക്

അധികമൊന്നും ഇടമില്ലാത്ത

നാട്ടുനടപ്പിലൂടെ

ചിരി അമർത്തി മായ്ച്ച്

മനസ്സ് ബാലൻസ് ചെയ്ത്

ഇരുവരും എതിർദിശകളിലേക്ക്

കടന്നുപോയി.

പൂർത്തിയാകാതെ പോയ ചിരിയെയും

പറയാതെ പോയ അഭിവാദ്യത്തെയും

പിന്നീടെവിടെയെങ്കിലും

കണ്ടതായി ഓർക്കുന്നില്ല.

ചിരിക്കാനോ മിണ്ടാനോ

തോന്നിയതിന് തൊട്ടുമുമ്പുണ്ടായ

പകപ്പിന്റെ കാര്യം അങ്ങനെയല്ല;

ഇടക്കിടെ, അവിടെയുമിവിടെയും

അതിനെ കണ്ടുമുട്ടുന്നു.

ഇന്നലെ

പഴയ പത്രങ്ങളുടെ ഒരു കെട്ട്

എടുത്ത് മാറ്റവേ

ക്ഷണിക്കാതെ വന്ന

വെളിച്ചത്തിന് നേരെ

മനസ്സും ശരീരവും കൂർപ്പിച്ച്

തുറിച്ചു നോക്കുന്ന പല്ലിയിൽ

കണ്ടിരുന്നു.

ഇന്നത്തെ പത്രത്തിലെ

ചില വാക്കുകൾക്കും

അതേ നിൽപ്പെന്ന് തോന്നി,

ജീവിക്കാൻ പഠിച്ച

ഒരു സാധനംതന്നെ ഈ പകപ്പ്!


Show More expand_more
News Summary - Malayalam Poem