Begin typing your search above and press return to search.
അച്ഛമ്മമാവ്
Posted On date_range 24 Feb 2025 3:15 AM
Updated On date_range 24 Feb 2025 3:15 AM

മണ്ണ് നട്ട നനവൊര്
മാമരമായ്
ആ മരം പൂത്ത് ചിരിച്ചു
കാറ്റിനൊപ്പമൊഴുകി
മധുരം നുണഞ്ഞ്
നുണഞ്ഞ്
നുണഞ്ഞവർ
മരത്തിനൊര്
പേരിട്ടു
അച്ഛമ്മമാവ്
അച്ഛമ്മ മരിച്ചനാൾ
ഉറവ പൊട്ടിയ തേങ്ങലുകളൊക്കെ
അച്ഛമ്മയോടൊപ്പം
കുഴിയിലാണ്ട്
വരണ്ട്
വരണ്ട്
ഓർമകളായി
അച്ഛമ്മയും ശാന്തേച്ചിയും
വഴക്കിടുമ്പോൾ രണ്ട് വീട്ടിലെയും
കിണർകണ്ണാഴങ്ങളിൽ
വെള്ളച്ചാട്ടത്തിന്റെ
ശബ്ദം കേൾക്കാം
താണ്ടിയ
ആഴങ്ങളുടെ പടവുകൾ
തമ്മിൽ തട്ടിമുട്ടി
ഒച്ചവെക്കും
വറ്റിയ
വറുതിയിൽ
രണ്ടാളും ഒരൊറ്റ കിണറാവും
അലക്കും
തീറ്റേം
കുടീം
വീട്ടാനാവാത്ത
ഒരു കടംപോലും മേഞ്ഞില്ലല്ലോ
എന്ന് ശാന്തേച്ചിയാണ്
മെടഞ്ഞുറങ്ങിയത്
അവരുടെ
തെറിവാക്കുകളുടെയും
പ്രാക്കുകളുടെയും
ആഴമറിയാത്തതുകൊണ്ട്
ശാന്തേച്ചിയെ
അച്ഛമ്മയിൽനിന്നും
ദൂരെയുള്ള
പറമ്പിലാണടക്കിയത്.