നാട്ടുഫ്രിഡ

വഴുക്കലുള്ള
ആ വഴിയുടെ
നടുക്കുനില്‍ക്കുന്ന
കാട്ടുചെടിയുടെ
മുതുകില്‍ പിടിച്ചാലേ
വീഴാതെ അപ്പുറത്തെത്തൂ
അതറിയാത്തവര്‍
തെന്നിയ പാടുകളാണ്
അവളുടെ വീട്ടിലേക്കുള്ള
ഏകവഴി.
ആകാശവല്ലിയും മുല്ലയും
വലയെറിഞ്ഞ നാട്ടുപുതപ്പുമൂടി
കവിള്‍ക്കയത്തില്‍ മുത്തി
പടര്‍ന്നുകിടക്കുന്നിടം.
പനമരത്തണല്‍ നിഴല്‍പരത്തും
മലനിരയിലവള്‍ വളര്‍ത്തും
കരിമുകില്‍ പൂക്കള്‍,
അതിലവള്‍ വരച്ചിട്ട വഴികളില്‍
നിഴലും നിലാവും
ഇണചേരുമുരകങ്ങള്‍.
മാനത്തുനോക്കിക്കിടക്കും
വഴിയിലൊരു കിണര്‍
അരികിലവള്‍ വരുമ്പോള്‍
കയര്‍ക്കും കുപ്പിവളകള്‍
അവള്‍ വരച്ച കുടത്തിലൊരു
ലോകം, തിരിഞ്ഞും മറിഞ്ഞും
പറക്കും കാട്ടുശലഭം.
കാടുറങ്ങുന്ന വീട്
കടല്‍ തിളയ്ക്കുന്ന മുറ്റം
മാനിലും മയിലിലും
ചെമ്പോത്തിലും
ഇലയനക്കങ്ങള്‍
നീളനൊരു പനമ്പില്‍
അവള്‍ ആണ്ടുപോകുമ്പോള്‍
ചിക്കിയ ആകാശത്തില്‍
അവളുടെ മുടിക്കെട്ട്.
അവളുടെ മുറി
ഇലകളുടെ താഴ്‌വര.
അതിനു കുറുകേ
ഒഴുകുന്ന പുഴ.
നീണ്ടുകിടന്നവള്‍
ഭിത്തികളുലയ്ക്കുന്നു
വരച്ച ചില്ലില്‍ പതിയുന്ന
മുഖം പൂക്കുന്ന ആകാശം
അവള്‍ മുറിപൊളിക്കുന്നു.
ഊര്‍ന്നിറങ്ങുന്ന തോട്
ഇണക്കമില്ലാത്ത
ഒരു പാട്ടിനറ്റം ഒളിപ്പിക്കുന്നു.
തുടചതച്ച തെറ്റലില്‍
അവള്‍ തിരിച്ചുകയറുന്നു.
വഴുക്കലുള്ള ആ വഴിയിലെ
നടുക്കുനില്‍ക്കുന്ന
ചെടി,
അതില്‍ പിടിക്കാന്‍
അവള്‍ മറക്കുന്നു.
അതറിയുന്നവര്‍
തെന്നിയ ലോകമാണ്
അവളിലേക്കുള്ള
ഏകവഴി.