ഒരു ഓർമയുടെ കഥ

ഓർമക്കു പ്രായം കുറേ
യായിട്ടുണ്ടത്യാവശ്യ
ദേഹകാര്യങ്ങൾകൂടി
ചെയ്യുവാൻ പാങ്ങില്ലാതായ്
സ്വപ്നങ്ങളുണ്ടെല്ലാരു
മോരോരോ വഴിക്കു പോയ്,
യെന്തിനും സഹായിയായ്
യുള്ളതുമറവിയാ,
ണവളെ സ്വപ്നം പറ
ഞ്ഞേർപ്പാടാക്കിയതാവും
വീട്ടിലന്നൊറ്റയ്ക്കിട്ടു
പ്പോകുമ്പൊഴെന്നാണോർമ,
യെത്ര കാര്യമായ് കൃത്യ
മെങ്ങിനെ വേണം വേണ്ട,
വ്യക്തമായ് നിസ്തോഭമായ്
ഹൃദയം തുറന്നത്,
സ്വപ്നങ്ങളറിയാതെ
പകുതിയുറക്കത്തിൽ
കൂരിരുട്ടിനോടാവാം
പറഞ്ഞിട്ടുണ്ടാവുക
യല്ലെങ്കിൽ പകലൊക്കെ-
ക്കറങ്ങി തിരിച്ചെത്തി
വന്നപാടോർമയ്ക്കുമേൽ
എന്തിനുദ്വിഗ്നം കോപി
ച്ചിങ്ങനെ തട്ടിക്കേറി
യോർമയെ മറിച്ചിട്ടൂ?
കേട്ടതൊക്കെയും ശരി
യാണെങ്കിൽ, മിണ്ടിപ്പോവാൻ
പാടില്ലയെന്നും മറ്റും
ഭീഷണിപ്പെടുത്തുമ്പോ,
ളോർമയുമൊരുമിണ്ടാ
പ്രാണിയായ് താനെ മാറു
ന്നതിലത്ഭുതമുണ്ടോ,
കാലുകൾ വഴുക്കുമ്പോൾ
പിടിച്ചുനിൽക്കാൻ നോക്കി,
വീഴുന്നനേരത്തൊക്കെ
മറവിയൊരു താങ്ങായ്,
കട്ടിലിൽ സ്വപ്നങ്ങളെ
ക്കാത്തിരിയ്ക്കയാണോർമ
വിളമ്പാൻ വിഭവങ്ങൾ
െറഡിയാക്കുകയാണു
വരുമ്പൊഴവർക്കായി
ട്ടൊരു കൽക്കണ്ടക്കഷ്ണം,
തുടങ്ങിപ്പലതുകൾ,
രാത്രിയും പകലുമി
ല്ലൊരു മാറ്റവും, ശ്വാസം
പോലെയാവുന്നു സ്വപ്ന
ഭരിതം വിചാരങ്ങൾ,
സ്വപ്നങ്ങളാണെങ്കിലോ
വിളിക്കുന്നതേയില്ല,
മിടുക്കി മറവിയോ
വൃത്തിയാക്കുന്നു മുഖം
മുറിയുമകംപുറം.