മാപ്പുസാക്ഷി

ഞാൻ ബോംബ് വച്ചിട്ടില്ല അങ്ങനെ ചിന്തിച്ചിട്ടുപോലുമില്ല നിന്റൊപ്പം ചേരില്ല ഞാൻ മാപ്പുസാക്ഷി ചെകുത്താന്റെ കൂട്ടാളിയാണ് ചെകുത്താനൊത്തുള്ള സുഖനിദ്ര മരണമയക്കവും! നിന്റെ ഒടുങ്ങാത്ത അഹങ്കാരം ചോദ്യശരങ്ങളുമായി ഭീഷണി മുഴക്കുന്നു, വീണ്ടും വീണ്ടും, ഭയവും പേടിപ്പെടുത്തലും പ്രലോഭനങ്ങളുമായി നീ നിന്റെ ജനാധിപത്യ ആയുധപ്രയോഗം നടത്തുന്നു അന്തിമ താക്കീതുകൾ, വീണ്ടും വീണ്ടും, കൂട്ടാക്കിയില്ലെങ്കിൽ ‘ഭസ്മമാക്കുമെന്ന്’, കുറ്റം സമ്മതിച്ചില്ലെങ്കിൽ ‘നിന്റെ അമ്മപെങ്ങമ്മാരെ, ഭാര്യയെ, കുട്ടികളെ ഇവിടെ നിന്റെ മുമ്പിൽ...’ എന്ന് എന്നിട്ടും വഴങ്ങിയില്ല ഞങ്ങൾ നിന്റെ നിഷ്ഠുരവാഴ്ചക്കു...
Your Subscription Supports Independent Journalism
View Plansഞാൻ ബോംബ് വച്ചിട്ടില്ല
അങ്ങനെ ചിന്തിച്ചിട്ടുപോലുമില്ല
നിന്റൊപ്പം ചേരില്ല ഞാൻ
മാപ്പുസാക്ഷി
ചെകുത്താന്റെ കൂട്ടാളിയാണ്
ചെകുത്താനൊത്തുള്ള സുഖനിദ്ര
മരണമയക്കവും!
നിന്റെ ഒടുങ്ങാത്ത അഹങ്കാരം
ചോദ്യശരങ്ങളുമായി
ഭീഷണി മുഴക്കുന്നു, വീണ്ടും വീണ്ടും,
ഭയവും പേടിപ്പെടുത്തലും പ്രലോഭനങ്ങളുമായി
നീ നിന്റെ ജനാധിപത്യ ആയുധപ്രയോഗം നടത്തുന്നു
അന്തിമ താക്കീതുകൾ, വീണ്ടും വീണ്ടും,
കൂട്ടാക്കിയില്ലെങ്കിൽ ‘ഭസ്മമാക്കുമെന്ന്’,
കുറ്റം സമ്മതിച്ചില്ലെങ്കിൽ
‘നിന്റെ അമ്മപെങ്ങമ്മാരെ, ഭാര്യയെ, കുട്ടികളെ
ഇവിടെ നിന്റെ മുമ്പിൽ...’ എന്ന്
എന്നിട്ടും വഴങ്ങിയില്ല ഞങ്ങൾ
നിന്റെ നിഷ്ഠുരവാഴ്ചക്കു മുമ്പിൽ,
പേടിച്ച് തൂറ്റിയതുമില്ല.
തലകുനിക്കാതെ നിന്നു ഞങ്ങൾ,
സത്യത്തിന്റെ പക്ഷത്ത്,
സമത്വത്തിന്,
ന്യായത്തിന്,
പ്രണയത്തിന്...
ഉണർന്നെഴുന്നേറ്റവരാണ് ഞങ്ങൾ,
കവികൾ,
വാക്കിനെ അസ്ത്രമാക്കിയവർ.
ജനങ്ങളെ വഞ്ചിക്കില്ല,
തത്ത്വങ്ങൾ ബലികൊടുക്കില്ല.
പേനയാണ് ഞങ്ങളുടെ ഒസ്യത്ത്,
വാക്കിന്റെ ആ പാരമ്പര്യത്തോട്
എന്നും കൂറുള്ളവരായിരിക്കും ഞങ്ങൾ.
മാപ്പിന് യാചിച്ച് കത്തെഴുതുന്നതല്ലേ
നിങ്ങളുടെ പാരമ്പര്യം
എന്നിട്ട് ‘സ്വാതന്ത്ര്യവീർ’ എന്ന വമ്പുപറച്ചിലും.
ആത്മവഞ്ചനയുടെ ഈ പൈതൃകത്തോട്
പുച്ഛമാണ് ഞങ്ങൾക്ക്
വഞ്ചനയുടെ, ദാസ്യത്തിന്റെ ആ ഘോഷയാത്രയിൽ ചേരാൻ
ഞങ്ങളെ കിട്ടില്ല.
കപടസ്വാതന്ത്ര്യവുമായി നിങ്ങൾ കഴിഞ്ഞോളൂ,
ആത്മാവ് വിൽപനക്ക് വെക്കാൻ
ഞങ്ങളില്ല,
സ്വപ്നങ്ങൾ ലേലത്തിന് വെക്കില്ല.
ഇങ്ങനെ ഓരോന്നും ശാന്തമായി പറഞ്ഞാൽ
നിങ്ങളുടെ അഹന്ത ഇനിയും പെരുകും.
എന്നത്തേയുംപോലെ നിങ്ങൾക്ക്
സമനില തെറ്റിയിട്ടേയുള്ളൂ.
പണ്ടെ തന്നെ നിങ്ങൾ ദുർബലമനസ്കരും
വികൃതചിന്തക്കുടമകളും ആയിരുന്നു.
“കീഴടങ്ങ് പൂ...മോനെ”യെന്ന്
ആക്രോശിക്കുന്നു.
തേനീച്ചക്കൂടിന് കല്ലെറിഞ്ഞിട്ട്
“രക്ഷിക്കണേ! രക്ഷിക്കണേ!”
എന്ന് കോമാളികളെപ്പോലെ
അലമുറയിടുന്നു.
ഞങ്ങളുടെ വീടുകളിലേക്കുള്ള സകലവഴികളും മുടക്കി,
വെളിച്ചത്തിന്റെ വഴികളിൽ ബാരിക്കേഡുകൾ പണിതു.
ഞങ്ങൾക്കെതിരെ മാധ്യമവിചാരണ
നിത്യേന പെരുകുന്ന അറസ്റ്റും...
മരണത്തെ ഞങ്ങൾ എന്തിന് ഭയക്കണം?
വീടും കുടിയും വിട്ടുവന്നവർ
ചിരിച്ചുകൊണ്ട് തൂക്കുമരത്തിൽ കയറുന്നവർ
നിങ്ങളുടെ ബാലിശമായ തുറങ്കലും ബാരിക്കേഡും കണ്ട്
യാചിക്കില്ല ഞങ്ങൾ, ഒരിക്കലും.
ഉറപ്പുണ്ട് ഞങ്ങൾക്ക്,
ദുഃഖത്തിന്റെ ഹിംസ്രജന്തുക്കൾ
ഉള്ളിടത്തോളം കാലം
മരണമുണ്ടാവില്ല ചിന്തകൾക്ക്!
(6 ജൂൺ, 2024)
മൊഴിമാറ്റം: കെ. മുരളി
--------------
ഭീമ-കൊറേഗാവ് കേസിൽ ജയിലിലടക്കപ്പെട്ട സാമൂഹിക-സാംസ്കാരിക പ്രവർത്തകനാണ് സുധീർ ധവാലെ. അതേ കേസിൽ അറസ്റ്റിലായ കബീർ കലാ മഞ്ചിലെ സാഗർ ഗോർഖയെയും രമേഷ് ഗൈചോറിനെയും മാപ്പുസാക്ഷിയാക്കാൻ എൻ.െഎ.എ ശ്രമിച്ചിരുന്നു. ഇരുവരും വിസമ്മതിച്ചതിനാൽ ജയിലിൽതന്നെ തുടരേണ്ടിവന്നു. ഹാനി ബാബുവിനെയും മാപ്പുസാക്ഷിയാക്കാൻ ഭരണകൂടം ശ്രമിച്ചിരുന്നു. എന്നാൽ, അദ്ദേഹവും അത് നിഷേധിച്ച് ജയിലിൽ തുടരാൻ തീരുമാനിച്ചു. ഇതാണ് കവിതയുടെ പശ്ചാത്തലം.