അവിരാമം

മല സൂര്യനു നേരെ
നടന്നടുക്കുന്ന ഭാഗത്തുള്ള,
നാരങ്ങാത്തോടിരുവശവും വിതറിയ
ആ വഴി ചെന്നുനിൽക്കുന്ന വീട്ടിലെ പെൺകുട്ടി
നിത്യം കയറിപ്പോകുന്ന
ഗോവണിയിന്മേൽ,
വെയിൽ സമയത്തോടൊപ്പം
‘കാലംകളി’ക്കുന്ന കളിയെ
വീടിനകത്തുള്ള
ഘടികാരസൂചികൾ
എത്തിനോക്കുന്നേരം,
കാലം ഗോവണി കയറുകയാണോ
ഗോവണി കാലത്തിനു ചുറ്റും
കറങ്ങുകയാണോയെന്നു
പരസ്പരം തർക്കിക്കുന്ന
നിഴലിനെയും വെളിച്ചത്തേയും
നോക്കി
പെൺകുട്ടി,
ഗോവണിയിറക്കത്തെ
ഒരുവേള ചവിട്ടിത്താഴ്ത്തി
നിശ്ചലമെന്ന്
അവൾക്കു മാത്രം തോന്നിച്ച
നടുവിലെ പടിയിൽ നിന്നപ്പോൾ,
അതുവരെ വഴിമുളച്ചുകിട്ടാഞ്ഞ
അയൽപക്കത്തെ വീട്
മലയും സൂര്യനും തീർത്ത വഴിയെ
ഗോവണിയെന്നു സങ്കൽപിച്ച്
മുകളിലേക്കു പടവുകളുണ്ടാക്കി
അതിനെ തന്നോടു ചേർത്തുവെച്ച്
അങ്ങനെ വഴിയെന്ന സങ്കൽപത്തെ അട്ടിമറിച്ച്
ചുമരിലെ ചിത്രത്തിൽനിന്ന്
ഒരു പാൽക്കാരിപ്പെൺകുട്ടിയെ
ഹൈജാക് ചെയ്ത്
നിത്യവും കയറിപ്പോകാനായി
ഗോവണിപ്പടിയിൽ നിർത്തി,
കാലത്തെ ഗോവണിയോടും
ഗോവണിയെ കാലത്തോടും
പരസ്പരം പരിചയപ്പെടുത്തി,
കാലത്തെ ചുറ്റുന്ന ഗോവണിയോ
ഗോവണിയെ ചുറ്റുന്ന
കാലമോ എന്ന്
സമയത്തോടൊപ്പം കാലം കളിക്കുന്ന
വെയിലിനെ സന്ദേഹിപ്പിച്ച്,
പകലിൽനിന്ന് ഘടികാരം തൂങ്ങുന്നൊരു
മുറിയെടുത്ത്,
നിഴലിനേയും വെളിച്ചത്തേയും
മാറിമാറിനോക്കുന്ന പെൺകുട്ടിയുടെ
കൺകോണിൽനിന്ന്
സൂര്യനുനേരെ നടന്നടുക്കാനുള്ള
വഴി വെട്ടിമാറ്റി,
വഴികളില്ലാത്ത
വീടുകളെ, മനുഷ്യരെ
സൂര്യനോടു ചേർത്തുവെച്ച്,
സൂര്യനെ മുഷ്ടിചുരുട്ടി അഭിവാദ്യംചെയ്ത്,
കാലുകൾ തറയിലൂന്നി
ഒരു വീടിന്റെ നിശ്ചലത
തൽക്കാലം എടുത്തണിഞ്ഞ്
നിവർന്നു നിന്നു.
നിശ്ചലവീട്.
ഗോവണിവഴിയുടെ
കയറ്റിറക്കങ്ങൾ.
ഇനി വഴി ശബ്ദിക്കട്ടെ.