Begin typing your search above and press return to search.
proflie-avatar
Login

കിന്റ്സുഗി

poem
cancel

വേദനയോടെ കൈമാറി

ഉടഞ്ഞു പോയ

ഒരു വാക്ക്

അതിന്റെ ജന്മത്തുടർച്ചയുടെ

ഉലയിൽ വെന്ത്

അതിലടിഞ്ഞ അഴുക്കുകളെ

അലിയിച്ചു കളയുന്നു

ഉരുകിയും ഉറച്ചും

അത് സ്വർണമാകുന്നു.

എല്ലാ വാക്കുകളും ഒരിക്കൽ

അർഥത്തിന്റെ അഴുകിയ

ചവറ്റുകുട്ടയിൽനിന്നും

അതിന്റെ ജീവനെ വീണ്ടെടുക്കും.

തകർക്കപ്പെട്ട

വീടുകൾ,

പ്രാർഥനാലയങ്ങൾ,

സ്മാരകങ്ങൾ,

തകർക്കപ്പെട്ട

ഓർമകൾ,

ഹൃദയങ്ങൾ,

ജീവിതങ്ങൾ

ഒക്കെയും കാലം

അതിന്റെ നേർത്ത വിരലുകളാൽ

പിന്നെയും പണിതെടുക്കും.

തകർന്നു പോയെന്നു

കണ്ണുകളിൽ വിഷാദം

തുളുമ്പുന്ന പെൺകുട്ടീ,

വഴുതിപ്പോയ ഉറക്കത്തിന്റെ പുതപ്പ്

നിന്റെ രാത്രികൾക്കു മേലിടുന്നു,

ഉണരുമ്പോൾ തരാൻ വെളിച്ചത്തിന്റെ

ഒരു സൂര്യകാന്തിത്തണ്ടൊടിച്ചു വെക്കുന്നു.

ഞാനിവിടെ പല നിറത്തിൽ

നേർത്ത നൂലുകൾ ചേർത്ത്

ചിത്രപ്പണികളുള്ള കുപ്പായങ്ങൾ

തുന്നിയെടുക്കുകയാണ്,

ഇരുന്നെഴുന്നേൽക്കുമ്പോലെ

മുതിർന്നുപോകുന്ന

എന്റെ പെൺകുട്ടികൾക്ക്

ഒരളവുമില്ലാത്തത്,

ഭംഗിയോടെ പാകമാവുന്നത്!

അടർന്നു പോയ അരികുകളിൽ,

തകർന്നു പോയ പൊട്ടലുകളിൽ

സ്വർണമോ വെള്ളിയോ ചേർത്ത്

വെറുമൊരു മൺപാത്രത്തെ

അമൂല്യമാക്കിയെടുക്കുമ്പോലെ

ചിരിയുടെ വജ്രത്തരികൾ പുരട്ടി,

പഴയതിനേക്കാൾ ഉറപ്പിൽ,

ഭംഗിയിൽ

മുറികൂട്ടി

നമ്മളിത് പുതുക്കുകയാണ്,

ഈ ജീവിതം!

--------------------

*കിന്റ്സുഗി -പൊട്ടിയ മൺപാത്രങ്ങളെ സ്വർണം ചേർത്ത് വിളക്കി വിലപിടിപ്പുള്ളതാക്കി മാറ്റുന്ന ജാപ്പനീസ് വിദ്യ

Show More expand_more
News Summary - Malayalam Poem