Begin typing your search above and press return to search.
proflie-avatar
Login

പുതുക്കുടി

poem
cancel

പുതുക്കുടിയിലേക്കുള്ള വഴി

അതിനെക്കുറിച്ചൊരു

കവിതയെഴുതാൻ ആവശ്യപ്പെടുന്നുണ്ട്

ഞാൻ പുതുക്കുടിയിലേക്കു പോയിട്ടില്ല

എന്നെങ്കിലും

പോകുമോ എന്നുമറിയില്ല

എങ്കിലും അവിടേക്കുള്ള വഴി

യെനിക്കേറെ പ്രിയപ്പെട്ടതാണ്

അതിനെക്കുറിച്ചൊരു കവിതയെഴുതാൻ ലോക

ത്തെനിക്കു മാത്രമേ കഴിയൂ

ആ വഴിക്കുമതറിയാം

പിൻവാതിലിലൂടെ വരുന്ന രഹസ്യനിലാവിനുമറിയാം

നടാതെപോയതെല്ലാ

മോരങ്ങളിൽ

തഴച്ചുമുറ്റി

ത്തുറിച്ചുനിക്കുന്നു

അഭാവങ്ങളുടെ കാട്ടാനക്കൂട്ടം വഴിമുറിച്ചു കടക്കുന്നു

സംഭവിക്കാതെ പോയ മഹാസാധ്യതയാണ്

പുതുക്കുടിയിലേക്കുള്ള വഴി

പുതുക്കുടിയിപ്പൊഴും

ഏറെ അകലെയാണ്

ഞാനിപ്പൊഴു

മാ വഴിയിലാണ്

ഞാനെപ്പൊഴു

മാ വഴിയിലാണ്

ചുറ്റിത്തിരിഞ്ഞു തിരിച്ചെത്തുമാകാശം

മലമുഴക്കിയുടെ ചിറകുമായ് ഒതുങ്ങുന്ന മൂകത

ചെറുപാതയുടെ വിസ്തൃതി

അളവില്ലാത്ത വിജനത

മഹാസങ്കടം പുറത്തേക്കൊരു വഴിതേടുന്ന വായു

ശ്വാസത്തിന്റെ രുചി

ഇല്ലായ്മയുടെ സൂര്യൻ

ചിതറിവീഴുന്നു

ഒരു ചില്ലെന്റെ കാലിൽത്തറയുന്നു

ഉറങ്ങാതിരിക്കാം

ഓർക്കുവാൻ മാത്രമായ്

വിദൂരനെബുലയിൽ നൊന്തു കുളിരുവാൻ മാത്രമായ്

പുതുക്കുടിയിലേക്കുള്ള വഴി ഉറങ്ങുന്നതേയില്ല

അതിന്റെ പകലുകളും രാത്രികളുമെന്നെ

യാവാഹിക്കുവാനുള്ള ആഭിചാരത്തിൽത്തന്നെ

ഒാരോ മുന്തിരിക്കുള്ളിലുമുണ്ട്

പുതുക്കുടിയുടെ തീയ്

ചെറുപാതയുടെ

വിസ്തൃതി

ശ്വാസത്തിന്റെ രുചി

അഭാവങ്ങളുടെ കാട്ടാനക്കൂട്ടം

ഒരു ചില്ലെന്റെ

കാലിൽത്തറയുന്നു

ഇടയ്ക്കെങ്ങും നിർത്തലില്ലാത്തൊരീ വഴിയുടെ കലക്കം

ഇനിയെണ്ണില്ല

എണ്ണിയിട്ടുമെണ്ണിയിട്ടും തീരാത്ത മൗനം.


Show More expand_more
News Summary - Malayalam Poem