എല്ലായിടങ്ങളും ശൂന്യമാണ്

ഓരോന്നും കാണാൻ നമ്മളാഗ്രഹിക്കുന്ന
നിമിഷത്തിൽ
ആരൊക്കെയോ പണിതുടങ്ങുന്നു
നമ്മൾ കാലുകുത്തുന്നതിന് തൊട്ടുമുമ്പുള്ള നിമിഷം
എല്ലാം പൂർത്തീകരിച്ച്
അവർ മടങ്ങുന്നു
അവരുടെ തന്ത്രം ഇക്കുറി നടക്കില്ല
ഇപ്പോൾ ഞാനിറങ്ങിത്തിരിച്ചത്
എന്നേപ്പോലുമറിയിക്കാതെയാണ്
മെല്ലെ വാതിൽ തുറക്കുമ്പോൾ
അവർ മുറ്റംമൂടിയ കൊടുംകാട്ടിലൂടെ
വഴിവെട്ടുകയായിരുന്നു
ഒരിലയനക്കം പോലുമുണ്ടാക്കാതെ
പതുങ്ങി ഞാനിറങ്ങുമ്പോൾ
വിളക്കുമരങ്ങൾ ചിലർ ചേർന്നുയർത്തുന്നു
ഇരുട്ടുകലക്കിയൊഴിച്ച് പാതകളുണ്ടാക്കുന്നു
ഒരു കണ്ണിലുംപെടാതെ
വേഗം നടന്ന് സ്റ്റാൻഡിലെത്തുമ്പോൾ
നട്ടപ്പാതിരയിൽ ചിലർ ചേർന്ന് ബസുകളുണ്ടാക്കുന്നു
അടുത്തിരിക്കേണ്ട യാത്രക്കാരൻ
അലാറംവെച്ചുണർന്നൊരുങ്ങി
ഒന്നുമറിയാഭാവത്തിൽ
നിൽക്കുന്നു
വീണ്ടും മുന്നിലേക്കു നീങ്ങുമ്പോൾ
അനേകമാളുകൾ
തലയിലെക്കൊട്ടകളിൽ
മണ്ണുമായ് സമതലങ്ങളിൽ മലകളുണ്ടാക്കുന്നു
അവരുടെ പെണ്ണുങ്ങൾ വേഗത്തിൽ
തൈകൾ നട്ടു കാടുണ്ടാക്കുന്നു
ഞൊടിയിടയിൽ വളർന്ന മരങ്ങൾക്കിടയിലൂടെ
ചെറുപ്പക്കാർ ചുരം വെട്ടുന്നു
കുടങ്ങളിൽ വെള്ളവുമായ്
ഒരു നീണ്ടനിര നദിയുണ്ടാക്കാൻ പുറപ്പെടുന്നു
ആരുംതന്നെ കണ്ടിട്ടില്ലെന്ന ഉറപ്പിൽ
ഞാൻ മടങ്ങുന്നു
തിണ്ണയിലെ കസേരയിലിരുന്ന്
കടുംകാപ്പി കുടിക്കുന്നു
അവർ പണിതീർത്തൊളിച്ചാൽ
അടുത്ത നിമിഷം
എനിക്ക് യാത്ര തുടങ്ങണം.