സെബ്ദെല്ല ജോതെയിലെ സിംഹസൂര്യന്

ഇരുള്പൂവിലൊളിച്ച ചെന്താരകം ജ്യേഷ്ഠോമാസ സൂര്യന് കത്തിയുരുകുമ്പോള്‍ തീപിടിച്ച് ചുകന്ന വെയില്ത്തിളക്കത്തില് സിലിഗുരി പട്ടണത്തി- ന്നോരം പറ്റിയൊരുപൊട്ടുപോല് ദേഹം വിയര്‍ത്ത് സെബ്ദെല്ല ജോതെ. ഗലികളില്നിന്നൂര്ന്നിറങ്ങും മരണപ്രാക്കൂറ്റിന് ഘനത്വം കേമറക്കണ്ണാല് വലിച്ചെടുക്കാന്‍ പത്രനാവുകള് ഫ്ലാഷുകള്‍ മിന്നിച്ചു. ശ്വാസം മുറിഞ്ഞ് പിടഞ്ഞ മണ്ണില്‍ നിലവിളിയാര്ത്തനാദങ്ങള് പൊങ്ങി. കരച്ചില് കണ്ണില്‍...
Your Subscription Supports Independent Journalism
View Plansഇരുള്പൂവിലൊളിച്ച ചെന്താരകം
ജ്യേഷ്ഠോമാസ സൂര്യന്
കത്തിയുരുകുമ്പോള്‍
തീപിടിച്ച് ചുകന്ന
വെയില്ത്തിളക്കത്തില്
സിലിഗുരി പട്ടണത്തി-
ന്നോരം പറ്റിയൊരുപൊട്ടുപോല്
ദേഹം വിയര്‍ത്ത്
സെബ്ദെല്ല ജോതെ.
ഗലികളില്നിന്നൂര്ന്നിറങ്ങും
മരണപ്രാക്കൂറ്റിന് ഘനത്വം
കേമറക്കണ്ണാല് വലിച്ചെടുക്കാന്‍
പത്രനാവുകള് ഫ്ലാഷുകള്‍ മിന്നിച്ചു.
ശ്വാസം മുറിഞ്ഞ് പിടഞ്ഞ മണ്ണില്‍
നിലവിളിയാര്ത്തനാദങ്ങള് പൊങ്ങി.
കരച്ചില് കണ്ണില്‍ പിടിച്ചുവെച്ച്
കിതച്ചുപായുന്ന മനുഷ്യരൂപങ്ങള്‍
കണ്ണിന്കയത്തില് തപിച്ച കണ്ണീര്‍ക്കണം
മരിച്ച വീട്ടിന് മുഖച്ചായ്പില് വീഴ്ത്തി
കുടിലിന്റെയുള്ളില്‍
പുസ്തകം, പത്രം, ഫയല്‍,
വയര്‍ നിറഞ്ഞോരലമാര
ജീവിതഗന്ധം തിണുര്‍ത്ത
നട്ടുച്ചയില്‍
മുഷിഞ്ഞ കുപ്പായങ്ങള്‍
ചുരുണ്ടു മൂലയില്‍
കരിഞ്ഞ സ്വപ്നങ്ങളടുക്കിവെച്ച്
അയയുടെ ചോട്ടില് മാറാല മൂടി
മനുഷ്യഭാരത്തിന് വിഴുപ്പടര്ന്ന്
കറുത്ത കട്ടില് നിലതെറ്റി നിന്നു
ലെനിന്, സ്റ്റാലിന്, ഏംഗല്‍സ്
മാര്‍ക്സ്, മാവോ...
ചിരിച്ചും കനത്തും
ചുവരില്‍ തെളിഞ്ഞ മുഖങ്ങളില്‍
വിപ്ലവം പുത്തന്കാറ്റുതിര്ക്കുന്നു
പാതി ചാരിയ വാതില്‍ മറവില്‍
കഴുത്തൊടിഞ്ഞ് കഴുക്കോലിലന്ന്
കറുത്ത വൃദ്ധന്റെ മെലിഞ്ഞ ദേഹം
പകപ്പൊന്നുമില്ലാതെ തൂങ്ങിയാടുന്നു
മരണനേരത്തതില് ചെറുകൂറ്റുതിര്ക്കാതെ
വഴിമാറി വീശുന്നു മലങ്കാറ്റുമങ്ക
കൈലിയും മുറിക്കൈയ്യന്‍ കുപ്പായവു-
മണിഞ്ഞവന്റെ കാല്‍വിരല്‍ത്തുമ്പ്
കറുത്ത മണ്ണിനെ പുണരാന്‍ വ്യഗ്രം
വലിഞ്ഞു നീളുന്നു കനത്ത മൗനം
ചങ്കൊടിഞ്ഞ് ചെരിഞ്ഞ നാവ്
ഒരു കസേരയൊരു മരസ്റ്റൂള്
നിര്വികാരമാത്മാവുടഞ്ഞ്
ജീവിതംപോലെ പിന്നിയ ചണപ്പായ
ഇരുഭാഗം തിരിഞ്ഞ തലയിണ
കയററുത്ത് വായുവില്‍നിന്ന്
മരണത്തെയൂരുമ്പോള്
വസന്തകാലത്തെ വരണ്ട കാറ്റ്
മരിച്ച വീട്ടില്‍ നിലത്തുവീണു
മുറ്റത്തുനിന്നകന്നേറെ നിന്ന
ആദിവാസിത്തൊണ്ടകള്ക്കുള്ളില്
ശോകത്തിന്റെ കടല്ക്കാറ്റു തുള്ളി
വീഴുന്ന കണ്ണീരില്‍ ഗ്രാമം കരഞ്ഞു
കറുത്ത ജന്മങ്ങള് നിലവിട്ടു വീണു
ഇരുണ്ട മണ്ണും ദുഃഖമറിഞ്ഞു തേങ്ങി
കനുദാ...
ഉശിരെടുത്ത് മലങ്കാറ്റു വന്നു
ചിതകത്തിനില്ക്കുവാന് വെമ്പുന്നൊരൂറ്റം
കണ്ണീരുതൂവി കനം വെച്ച കണ്ണാല്‍
ശവവണ്ടിവഴിയില് ജനം നിരന്നു
സെബ്ദെല്ല ജോതെയില്
സൂര്യത്തീ വീശിയ ചെന്താരവം
ജീവനെയൊഴിഞ്ഞ്
ശ്മശാനത്തിലേക്ക്
ആംബുലന്‍സ് കയറി
നരിജന്മഭൂമി
ആയിരത്തിത്തൊള്ളായിരത്തി
ഇരുപത്തൊമ്പതിലെ
കാലവര്ഷപ്പെയ്ത്തിലന്ന്
കുര്‍സിയോംഗ് മലനിരകളിലെ
ഭാലുബിസ്തിയിലൊരു
തീപ്പൊരിക്കുഞ്ഞിന്നൊച്ച
പൊങ്ങാതെ താഴ്ത്തീ കാറ്റ്.
അധിഹാറുകള്
ജോതേദാര്മാര്
പെട്ടെന്നാധിമുഴുത്ത്
കമ്മര്ക്കപ്പെട്ടു1.
നട്ടുച്ചയാകാശത്തില്
ചെന്താരകം തിളങ്ങുന്നു
മണിമേടതന് മോന്തായവിടവില്
കുത്തിച്ചൂടന്മാര് കണ്ണില്‍
പിരാക്കിന്റെ കൂറ്റുരുട്ടുന്നു.
അന്നദാ ഗോവിന്ദ് സന്യാല്‍
മൂന്നുപെണ്ണിനെ പാര്‍ത്തു2
രണ്ടു ചത്തപ്പോളൊന്നൂടെ വേട്ടു
മൂന്നാമതാമവള് നിര്‍മല
കടിഞ്ഞൂല്‍ പെറ്റൊരാണ്തരി
വിപ്ലവം പൂത്ത വംഗമണ്ണില്
പൊട്ടിപ്പിറന്നു നരിജന്മം
അന്നദാ കൃഷ്ണകുമാര്‍ സന്യാല്‍
സ്നേഹം പുറംതല്ലി ജനം വിളിച്ചു
കാലക്കണക്കില്‍ വര്‍ഷമേറെക്കഴിഞ്ഞ്
കനുദാ...
ഒച്ചവെച്ചവനോടിക്കളിച്ചുസല്-
പുത്രനാവാതെയേറെ വികൃതിയില്‍
ഡാര്‍ജിലിങ്ങിലെ കമ്യൂണിസ്റ്റുകള്‍
നാൽപത്തിയെട്ടിലെ
മാര്ച്ചിന്നുച്ചയില്
അധികാരമാജ്ഞയാല്
ചെങ്കൊടിക്കു നിരോധനം
യൗവനം തിളയ്ക്കുന്നു
ബൗബസാര്‍ തെരുവുകളില്‍
പ്രതിഷേധക്കൊടിയിരമ്പം
ഉശിര് ചെണ്ടെകാട്ടും വാക്കില്‍
തൊണ്ടകളലറുന്നേരം
പോലീസ് തോക്കുകള്‍
തീ പാറ്റുന്നു
പൊട്ടുന്നല്ലോ നെഞ്ചുകളഞ്ച്
ചോരക്കയ്യുകളാകാശത്തില്
വീശുന്നവരാ ചെങ്കൊടിയൂറ്റം
പോലീസ് രാജില്‍
ഗ്രാമമുടഞ്ഞു
സമരസഖാവാം കനുസന്യാലിനെ
കയ്യാമത്തില്‍ പൂട്ടിവലിച്ചു
സന്താള്‍
മധേശികള്‍
ഒറാണുകള്
മുണ്ടകള്‍
രാജ്ബാനുകള്
ഗൂര്‍ഖകള്‍
ജാതികള്‍ പലവിധമുണ്ടെന്നാലും
കുതിരച്ചാണകമെഴുകിയ കുടിലുകള്‍
ആവേശത്താലന്നു വിളിച്ചു
ഇങ്ക്വിലാബ് സിന്ദാബാദ്...
വെടിനിലച്ച നെല്‍വയൽ നിലങ്ങളില്‍
ഇരുട്ടു തുള്ളുന്നൊരേകാന്ത യാമത്തില്‍
വെടി തറച്ചിട്ട് മരിച്ചുപോയവര്‍
ചുകന്നപാടത്ത് ഡോലക് വാദ്യത്തില്‍
പെരുംവിരല്കൊട്ടിയുറഞ്ഞു താളത്തില്‍
രക്തസാക്ഷികള്‍ സിന്ദാബാദ്...
രക്തപതാക സിന്ദാബാദ്...
സിംഹദര്‍ശനം
ജല്‍പായ്ഗുരിയിലെ
തീവണ്ടിയാപ്പീസില്
ശീതക്കാറ്റിനെ തീതേച്ച്
സിംഹമുരള്ച്ച കേള്‍ക്കുന്നു
നരിചീറുന്ന ബക്സാര്‍ കോട്ടയില്‍
തടവിലിട്ട നരിക്കൂറ്റ്
വിപ്ലവം നെഞ്ചിന്നൂക്കില്
ഒറ്റയാനായ വിസ്മയം
ചാരുമജുംദാര്‍...
പോലീസ് ബന്തബസ്സില്
വിലങ്ങിട്ടയാളെത്തും
ഇറങ്ങുമ്പോളരനിമിഷത്തില്
കാണാന്‍; കയ്യില്‍
സന്ദേശമൊളിപ്പിച്ച് സന്യാല്‍.
ചോരമുതിര്ക്കും മുഖവുമായി
നാലു സഖാക്കള്‍ ദൂരെനിന്നു
സായുധ പോലീസിന് കണ്ണില്‍
കിടിയന്‍3 നോട്ടമുരുണ്ടുകേറി
പൈജാമയ്ക്കിടയില്
താഴ്ത്തിയ കത്ത്
വായുവില്‍ പോലീസിന്റെ വിസില്‍
സ്റ്റേഷന് പുറത്ത്
നാലുദിശകളിലേ-
ക്കഞ്ചുപേര് പാഞ്ഞു
ജയില്കാഠിന്യം പൊരിച്ച നട്ടുച്ചയില്‍
വെളുത്ത തുപ്പല് ചുകപ്പണിഞ്ഞു
അഞ്ചു സഖാക്കളും മൗനം കുടിച്ചു
ജയില്‍മുറ്റത്ത്
തടവുകാരുടെ സംഗമം
അസ്വസ്ഥതകളാവേശത്താല്
പൊട്ടും കതിനകള്പ്പോലെ നിരന്നു
ചിന്തയില്‍ മനസ്സൊതുക്കിവെച്ചൊരാള്
ജയില്മൂലയില് നിവര്‍ന്നിരിക്കുന്നു.
അണയാവീര്യം ആകാശത്തില്‍
മുഷ്ടിചുരുട്ടിയ കയ്യാവേശം
മുറിഞ്ഞതൊണ്ടയില് കുരുങ്ങിയുജ്ജ്വലം
കുരുത്ത വാക്കാല്‍ വിളിച്ചു സന്യാല്‍
ചാരുദാ... സഖാവെ
‘ഒരൊറ്റ തീപ്പൊരിക്ക്
കാട്ടുതീയാകാന്‍ കഴിയും’4
ജയില്‍ നോക്കി നില്‍ക്കെ
രണ്ടു സൂര്യന്മാര് വിരി-
ഞ്ഞൊരേയാകാശവീഥിയില്.
നക്സല്ബാഡിയിലെ ജന്മികള്5
രണ്ട് കെട്ടി വയര്നിറഞ്ഞ്
വെളുപ്പുടുത്തുനിന്നവര്
അടികൊണ്ടടിയാന്മുഖം
ചെക്കിപൂത്തപോലെയായി
മുറുക്കിച്ചീറ്റിത്തുപ്പിയ ചോപ്പില്‍
തമ്പ്രാച്ചുണ്ടുകളുടെ കേളി
കളപ്പുരയ്ക്കകത്തിരുണ്ടമൂലയില്
രതിക്കരെ പൂക്കളുടഞ്ഞടിയാത്തികള്
നെല്ലു കുത്തുമ്പോള്‍ വയര്‍വീര്‍ത്ത പെണ്ണ്
വെളുപ്പു പെറ്റ് ഗലിയില്‍ കറുത്തു
സ്വര്‍ണ നെല്‍ക്കതിരുകള്‍
കളപ്പുരയില്‍ കുന്നോളം
വിശപ്പാം കാളക്കുത്തി-
ലടിയാന്മാര് തളര്ന്നേപോയി
കൂലിയില്ലാ വേല ചെയ്ത്
അടിമപ്പൂ കൊഴിയുമ്പോള്‍
പശിപ്പാട്ടില് കടല്‍പോലെ
കളപ്പുരയിലേക്കവരിരച്ചെത്തി
വയലേലകളാകാശത്തില്
സഹനവീര്യം പൊലിച്ചപ്പോള്‍
പരാദത്തെയരിഞ്ഞിട്ട്
പെരുംമരംതെളിഞ്ഞന്ന്
ഉശിരിന് പാരിജാതങ്ങള്‍
വാള്‍ത്തലപ്പില്‍ തിളങ്ങുന്നു
കൊടുവാളിന് കൂര്‍ത്ത ചിരിയില്‍
കഴുത്ത് ചേര്ത്തധികാരം
ഉരിയാടാന്‍ ഭയന്നേപോയി
സുഭിക്ഷത്തിന് തിരുമേനി.
പെരുമ്പത്തായത്തിനുള്ളില്
പൊലിച്ചനെല്പ്പൊതുക്കകള്
ഒരുമയാല്‍ പകുക്കുന്നു
ജാതിയില്ലാ കുടിലുകള്‍
തൂവിനിന്ന കണ്ണുനീരാല്‍
ചെങ്കൊടി പുതച്ചവര്‍
നെല്ലുതാനേയോടിവരും
കുടിലിന് വഴിവക്കിലായ്
നേര്ത്തകാലില് വീണ വിള്ളല്‍
വേദനമറന്നവര്
പുകഞ്ഞിടാത്തടുപ്പത്ത്
പുതുനെല്ലു വെന്തനാള്
ഇങ്ക്വിലാബിന് രണശബ്ദം
മദിച്ച കാറ്റില്‍ മലകയറി
പൊടിയുന്നു ദന്തക്രോധം
ജന്മിമുഖത്തിരപ്പോടെ
പുതിയ സൂര്യന്നുദിപ്പില് വ്യഥ
പല തോടുകള്‍ ചാലുകീറി.
തേയിലത്തോപ്പിലെ ചോര
ജൂണ്മാസത്തിലെയുച്ചനേരം
കാറ്റു തപ്പുകൊട്ടുന്ന മേളം
മാർഗരറ്റ് ടീ എസ്റ്റേറ്റിനുള്ളില്‍
സമരസഖാക്കളാറുപേര്
രണവീര്യത്തിന് കൊടിയിലപിടുത്തം6
വിരിഞ്ഞു പോരിന്നുച്ചത്തോറ്റം7
കലേലിമ്പു
ഹിത്മാന് തമാങ്
കാഞ്ചന് സുന്ദര്റോയ്
നന്ദലാല്‍ ബിശ്വകമ
അമ്രിത്മയ റെയ്നി
മൗലിസേവ റെയ്നി...
അധികാരം തീ തുപ്പുമ്പോള്‍
തോക്കിന്വായില് വെടിച്ചില്ലു പാഞ്ഞു
നെഞ്ചുപൊട്ടി ചോര തുപ്പി
പോര്‍നിലങ്ങള്‍ കൊടിപിടിച്ചു
അപരാഹ്നത്തില്‍ സൂര്യന് ചോന്നു
താഴ്വാരത്തില്‍ ചിതകളൊരുങ്ങി
ഇരുട്ടിന്നിറം പടര്‍ത്തി വേഗം
ചിതാഗ്നിയിലന്ന് പകലൊടുങ്ങി
മലമ്പാതയില്‍ കിതച്ചെത്തിയ
തണുത്ത തേയിലക്കാറ്റിലപ്പോള്
വീരരാഗം പാടിവന്നു
തൊഴിലാളിപ്പാട്ട്
ഇല്ലാ നിങ്ങള്‍ മരിക്കുന്നില്ല
ജീവിക്കുന്നു ഞങ്ങളിലൂടെ...
കര്‍ഷകസംഘം സിന്ദാബാദ്...
രക്തസാക്ഷികള്‍ സിന്ദാബാദ്...

ഇരുകീറായ് പിളര്‍ന്ന ഹൃദയം
അമ്പത്തിനാലിലെ കറുത്ത ദിനം
കുയിലുകള്‍ മിണ്ടാതായ നേരം
ചെങ്കൊടിത്തണലിലന്ന്
സംഘടിച്ച കര്‍ഷകര്‍
പുതിയൊരിന്ത്യ പുതിയ സൂര്യന്
കിഴക്കുദിച്ചു പൊന്തുവാന്‍
ആശയും പ്രതീക്ഷയുമായ്
പോരടിച്ചു നില്ക്കവേ
അടിമവേല ദുരിതപർവ-
മലകടലിലെറിഞ്ഞൊഴുക്കുവാന്
കുതിക്കുവാന്‍ കൊതിച്ച് നിന്ന
പതിതജന്മമേറേയും
കിനാവുകണ്ട മോഹലോകം
തച്ചുടഞ്ഞു ശക്തിയില്‍
പിളര്‍ന്നു പാര്‍ട്ടി രാഷ്ട്രഭൂവില്
മുറിഞ്ഞു ദളം ദ്വയങ്ങളായ്
വിപ്ലവത്തിന് ഹൃദയരേഖ
പിളര്‍ന്നു രണ്ടു വഴിയിലായ്
രണ്ടു ധ്രുവം രണ്ടു മാനം
രണ്ടുധാരയായൊഴുകിയോര്
തെന്നാലിപ്പാര്ട്ടി സംഗമത്തില്‍
പോരടിച്ചിരുപക്ഷമായി
മുപ്പത്തിരണ്ടു സഖാക്കളൊന്നായ്
വാതിലിന് പുറത്തുപോയ്
പിളര്‍ന്നു നെഞ്ച്, ചിരിച്ചു ജന്മി
തമ്പുരാക്കള് വർഗവും
നൊന്തു മനം, കര്‍ഷകര്‍ക്കു-
മാദിവാസി ജീവനും
ചെങ്കൊടി പുണര്‍ന്നുനിന്നു
പാടമധ്യേ വീണവര്‍
കർമസാക്ഷി കണ്ണുചിമ്മി
ചിന്തയില്‍ ഭ്രാന്തു പൂത്തനാള്‍.
------------------------
കുറിപ്പുകള്‍
1. അസ്വസ്ഥത
2. വിവാഹം കഴിക്കല്‍
3. പ്രാപ്പിടിയന്‍
4. മാവോയുടെ വാക്കുകള്‍
5. നക്സല്‍ബാരിയുടെ യഥാര്‍ത്ഥ ഉച്ചാരണം
6. ഉഗ്രമൂര്‍ത്തിയായ വൈരജാതന് തെയ്യത്തിന്റെ ചടങ്ങ്
7. ഭഗവതിയുടെ തോറ്റം