Begin typing your search above and press return to search.
proflie-avatar
Login

നഗരം: ഗ്രാഫിക് ചിത്രീകരണം

നഗരം: ഗ്രാഫിക് ചിത്രീകരണം
cancel

വ്യത്യസ്ത പൊക്കങ്ങളിൽ

ഫ്ലാറ്റുകൾ, ആകാശത്തിൽ കുത്തുമക്ഷത്തിൻ

സമാന്തരമായടുക്കുന്നു,

പരന്നു കിടക്കുന്നോ-

രക്ഷത്തിൽ, ചന്ത,

പായും ജനസഞ്ചയം,

വെയിൽ വാട്ടിയ വഴിക്കോണിൽ,

സുഗന്ധം പരത്തുന്ന

കുടക്കുള്ളിലായ് പാതി-

മലയാളവും തുപ്പിച്ചിരിക്കും

ബീഹാർകാരൻ.

നിരത്തിലമ്മാമ്മമാർ

നിരത്തി വിൽക്കും

തക്കാളികളിൽനിന്നും,

കടുംചുവപ്പ് പടർന്നതാമാകാശം,

പതിവുപോൽ തുളയ്ക്കും കിളിക്കൂട്ടം

പറന്നു മറയുന്നു.

വിൽക്കുവാനെന്തോ ചാക്കിൽ താങ്ങി ഇത്രയും വന്ന

വൃദ്ധന്‍റെ പ്രതീക്ഷകൾ

ഇരുട്ട് വിഴുങ്ങുന്നു.

ദൂരെ ഗ്രാമത്തിലെത്തിച്ചേരുവാൻ

അവസാനവാഹനം തിരഞ്ഞയാൾ

തിരക്കിലൊളിക്കുന്നു.

നഗരത്തിനെ ഗ്രാഫായ്

വരക്കാനൊരുങ്ങിയ

സമയം മുതൽ, എന്‍റെ

മുന്നിലുണ്ടൊരു പയ്യൻ,

പാതിയും രോമം പോയ പട്ടിയുമവനുമായ്

ഓടുന്നു കണ്ണിൽപ്പെട്ടി

ട്ടെങ്ങോട്ടോ മറയുന്നു,

അവരെ ഗ്രാഫിൽ

കാണാനാവില്ല,

നിയതമായൊരു ബിന്ദുവും

അവർക്കിടമേകുന്നേയില്ല,

ഉറങ്ങാനിടമില്ലാതലയുന്നവരുടെ

മെലിഞ്ഞ കാൽപ്പാടുകളെങ്ങനെ

വരയ്ക്കും ഞാൻ?

Show More expand_more
News Summary - malayalam poem by madhyamam weekly