പേറ് -കവിത
അമ്മയായി തീര്‍ന്ന
ആ പൂച്ച
ഇന്നലെവരെ കണ്ട പഴയ പൂച്ചയല്ല
അതിെൻറ ശരീരം
ഉടഞ്ഞു ചിതറിയ പഞ്ഞിക്കെട്ടുപോലെ
പരന്നു തൂങ്ങി.
അതിെൻറ കുഞ്ഞിക്കാലുകള്‍
ഓരോ അടിയും അളന്നുകൊണ്ട് നീങ്ങുന്നു
അവ മിന്നല്‍വേഗങ്ങളും
പതുങ്ങിനടത്തവും ഓട്ടവും
പൂമ്പാറ്റയോടൊത്തുള്ള കളികളും മറന്നു.
അതിെൻറ വാല്‍
ചോരയില്‍ നനഞ്ഞ് ഉടലില്‍ ചേര്‍ന്നൊട്ടി നിന്നു.
കണ്ണു ചിമ്മി കരയുന്ന കുഞ്ഞുങ്ങളെ നോക്കി.
അവൾ വേദനിക്കുന്ന ഉടലിനെ
കുഞ്ഞു നിലവിളികളിലേക്ക് മുടന്തി നീക്കുന്നുണ്ട്
നിസ്സംഗമായ അവളുടെ കണ്ണുകളില്‍ വിശപ്പ്
കരുവാളിച്ചു കിടക്കുന്നു...
പെറ്റ കുഞ്ഞുങ്ങളെ
ഏതു ചാലില്‍,
ഏത് തൊട്ടിലില്‍
കളയേണ്ടൂ എന്നറിയാത്തതിനാല്‍
ചോരയിറ്റുന്ന അവളുടെ ഉടല്‍കൊണ്ട്
കുഞ്ഞുങ്ങളെ പൊതിയുന്നു.
''ജീവികള്‍ക്കൊക്കെയും വേണമല്ലോ അന്യ ജീവികള്‍ തന്‍ സഹായം'' എന്ന്
അവൾ തല ചായ്ക്കുന്നു.
ആ നേരം കടിവായ് തുറന്ന്,
അനുയായികളുമായി നേതാവും കൂട്ടരുമെന്നപോലെ
ചുറ്റിവരുന്ന, നായ്ക്കളുടെ ഓരി
അവളുടെ ഉറക്കം ഞെട്ടിക്കുന്നു.
അവൾ മുറിഞ്ഞ
ഉടലിനെ വീണ്ടും വീണ്ടും
നാക്കുകൊണ്ട് തലോടുന്നു
ഇങ്ങനെ പൂച്ച ദിവസങ്ങൾ
മുറിവും ചതവും നീറ്റലുമായി
മറുയോരികളില്ലാതെ
ഓരികളേയില്ലാതെ
മുടന്തിക്കൊണ്ടേ പോകുന്നു...
നമ്മുടെ
ദിനങ്ങള്‍പോലെതന്നെ.