Begin typing your search above and press return to search.
proflie-avatar
Login

പൊട്ടിയപ്പം -കവിത

പൊട്ടിയപ്പം -കവിത
cancel
camera_alt

Credit: Abhijeet Bahadure

സ്കൂള്‍ പൂട്ടുമ്പോള്‍

ഞാനും അനിയനും

അമ്മവീട്ടിലെത്തും

കോലായയും മുറ്റവും

നീളന്‍ ചതുരത്തിലാണ്

വാതിലില്ലാത്ത ഒരൊറ്റമുറി മാത്രം

വണ്‍സൈഡ് മേല്‍ക്കൂര

പേരാമ്പ്രനിന്ന് പതിനഞ്ച് മിനിറ്റേ

കുറ്റ്യാടി ബസിലിരിക്കേണ്ടൂ

കടിയങ്ങാട് പാലം കഴിഞ്ഞാലെത്തി

ബസിലിരുന്ന് ചര്‍ദിച്ച് കുഴഞ്ഞ

എന്നേയും തൂക്കി അമ്മ

കിണറ്റിന്‍കരയിലേക്ക് പോകും

മൈലാഞ്ചിച്ചോട്ടില്‍ നിര്‍ത്തി കുളിപ്പിക്കും

കട്ടന്‍ചായയുമായെത്തുന്ന അമ്മമ്മ

പൊട്ടിയപ്പം പൊതിഞ്ഞ പേപ്പറെടുത്ത് വായിക്കും

കയറ്റക്കാരനായ അച്ഛാച്ഛന്‍ വക

ഇളനീരുണ്ടാവും

ഞങ്ങള്‍ ഇലഞ്ഞിമരച്ചോട്ടില്‍ പോയി കളിക്കും

കനാലില്‍ പോയി കടലാസുതോണിയിറക്കും

രാത്രിയായാല്‍ അമ്മമ്മ

മണ്ണെണ്ണവിളക്കുമായി

മൂട്ടയെ കൊല്ലുന്നുണ്ടാവും

ഹാളില്‍ കിടക്കുന്ന

ഞങ്ങളുടെ മൈലാഞ്ചിയിട്ട

നീട്ടിപ്പിടിച്ച കൈകളും

പുതപ്പും നേരെയാക്കിക്കൊണ്ടിരിക്കും

കുഞ്ഞമ്മയുടെ കല്യാണമുറപ്പിച്ചതോടെയാണ്

പുതിയൊരു കട്ടപ്പുരയുണ്ടാക്കിയത്

കുഞ്ഞമ്മയെ കെട്ടിച്ചത് നല്ല വീട്ടിലേക്കാ

അവിടെ ​െവച്ചാ ഞാനാദ്യമായി

ആഷ്​ട്രേ കണ്ടത്

അമ്മമ്മയും കദിയോമ്മക്കൊപ്പം

ബീഡി വലിക്കുമായിരുന്നു

ചുണ്ടില്‍ ബദറ്പാട്ടുകള്‍ക്കൊപ്പം

മലരണിക്കാടുകള്‍ തിങ്ങിവിങ്ങും

മലയപ്പുലയനാം മാടത്തിന്‍മുറ്റത്ത്

മഴ വന്ന നാളൊരു വാഴവെക്കും

പുതിയ വീടിന് മുന്നില്‍

മുറിച്ചാണ്ടിയില്‍ എന്ന നെയിംബോര്‍ഡ് വന്നു

കുഞ്ഞമ്മ കണ്ടുവെച്ച

ശിശിരവും ഗ്രീഷ്മവും സോപാനവും

വായിച്ച നോവലുകളിലെ

പേരുകള്‍പോലെ വിസ്മൃതിയിലായി

പെണ്‍കുട്ട്യോളെ

കെട്ട്യോന്മാര്‍ പാര്‍ക്കാത്ത

പൊട്ടിയപ്പവീട് വിറ്റപ്പോള്‍

അമ്മമ്മയുടെ ചുണ്ട് ചുവന്നു കണ്ടു

വെളുത്ത കല്യാണി എന്ന്

വിളിക്കുന്നതിലര്‍ഥമുണ്ടായി

അതും പറഞ്ഞ് അങ്കിളും

അമ്മമാരും ഇന്നും ചിരിക്കാറുണ്ട്

കര്‍ക്കടകവാവിന് ബലിയിട്ടപ്പോള്‍

അവസാനം വന്ന കാക്ക

അമ്മമ്മയെന്ന് അമ്മ ഉറപ്പിച്ചുപറഞ്ഞു

രാത്രി കൊടുക്കയായി വെച്ചതില്‍

ചക്കയും ഉണക്കമീനും

ഉണ്ണിയപ്പവും അരിയുണ്ടയും

അതിനൊപ്പിച്ച് കട്ടന്‍ ചായയും മിക്സ്​ചറും

നിറവോടെ നിരന്നു

എന്നും മോന്തിയാവുമ്പോ

പീട്യേപ്പോവുന്ന

കപ്പയും മത്തിയുമായി

കേറിവരുന്ന അമ്മമ്മയും

മൂട്ടകടിയും

പൊട്ടിയപ്പവും

ഓര്‍മക്ക്​ പിടിക്കാത്ത മറവിയായെങ്കിലും.

Show More expand_more
News Summary - malayalam poem by vijila