Begin typing your search above and press return to search.
എന്റെകവിത
Posted On date_range 30 July 2023 6:51 AM GMT
Updated On date_range 30 July 2023 6:51 AM GMT
യാതൊരു മുന്നറിയിപ്പുംകൂടാതെ
ഇരുണ്ടുമൂടുന്ന കാർമേഘംപോലെയാണെന്റെ കവിത.
കോരിച്ചൊരിയുന്ന പെരുമഴയായത് പെയ്തിറങ്ങും.
പലപ്പോഴും അലക്കുകല്ലിൽ ഉരച്ചുരച്ചതിനെ കഴുകിക്കളയും.
പൂർണത കൈവരാത്ത എത്രവരികളെയാണെന്നോ,
പാത്രങ്ങളുടെ കലപില ശബ്ദങ്ങൾ കട്ടെടുത്തത്.
ആട്ടുകല്ലിലെ ചുഴിയിലകപ്പെട്ട് എത്ര കവിതകളാണെന്നോ
അരഞ്ഞരഞ്ഞില്ലാതായത്.
തിളച്ചുപൊങ്ങുന്ന ചോറ്റുപാത്രത്തിലെ നുരയോടൊപ്പമായിരുന്നു
അന്ന് മിഥുനകാല കവിത ഒലിച്ചിറങ്ങിയത്.
ഒരിക്കൽ പാതിരാകിനാവിലെ, ചിതറിത്തെറിക്കുന്ന
കാവ്യവചനങ്ങളെ കൈക്കുമ്പിളിലൊതുക്കി,
പൊടിപ്പും തൊങ്ങലുംവെച്ചലങ്കരിച്ചൊരു
പളുങ്കുപാത്രത്തിലടച്ചുവെച്ചു.
അർധരാത്രിയിലെപ്പഴോ ഞെട്ടിയുണർന്ന്
തപ്പിത്തടയുന്ന നേരത്തായിരുന്നു ഞാനറിയാതെ
കൈ തട്ടി കവിതയുടെ പളുങ്കുപാത്രം വീണുടഞ്ഞതും
എന്റെ കവിത പിടിതരാതെ പരന്നൊഴുകിയതും...