കട്ടിൽ -കവിത
അങ്ങനെ ഇരിക്കെ
അപ്പാപ്പന് കട്ടില് പണിയണം
എന്ന മോഹമുദിച്ചു.
''എന്തിനാണൊരു പരിഷ്കാരം''
എന്ന് അമ്മാമ്മ ആവുമ്പാട് പറഞ്ഞു
''മരകട്ടിലീക്കിടന്ന് ചാവണം''
അപ്പാപ്പൻ അന്ത്യാഭിലാഷം വെളിപ്പെടുത്തി.
തെക്കുംപുറത്തെ തേക്ക് വെട്ടാൻ
ആള് വന്നു.
''ആ തൈപ്ലാവില് കിടന്നാ
ദൈവം വിളിക്കൂല്ലേ?''
എന്നമ്മാമ്മ കെറുവിച്ചു.
''എന്‍റെ കാർന്നോമ്മാര് െവച്ച തേക്ക്.
നിെന്റ വീട്ടീന്ന് കൊണ്ടുവന്നതൊന്നുമല്ല.''
''കുഴീക്കിടക്കണ എന്‍റെ അപ്പനുമമ്മക്കും
ൈസ്വര്യം ഇല്ലല്ലോ''
എന്ന് അമ്മാമ്മ കണ്ണീർ വാർത്തു.
ചിന്തേരു തള്ളി കൂനു വന്ന
കുട്ടനാശാരി
സൈക്കിളും തള്ളി വന്നു.
മുഴക്കോല് െവച്ച് അളന്നു.
ദിവാൻ പേഷ്കാർ കണക്കിൽ
ഒരു ചപ്രമഞ്ച തന്നെ തീർക്കാം
ചെത്തിമിനുക്കി ഒരു കട്ടില്
വടക്കേമുറിയിലിട്ടടിച്ച് കൂട്ടി.
പഴയ കയറുവരിഞ്ഞ കട്ടില്
എറക്കാലില് ചാരി.
കയ്യും കാലും അനക്കി കിടക്കാം.
അപ്പാപ്പൻ കുരിശ് വരച്ച് കിടന്നു
അമ്മാമ്മ ഓരം പറ്റി ഒതുങ്ങി.
ഷാപ്പീന്നിറങ്ങുമ്പോ കാലൊന്ന് തെറ്റി
അപ്പാപ്പൻ ആ നിമിഷം തീർന്നു.
എങ്കിലും
എല്ലാ അമാവാസിക്കും
കട്ടിലിക്കിടക്കണ അമ്മാമ്മയെ
അപ്പാപ്പൻ ഉന്തി നിലത്തിട്ടു.
''ചത്തിട്ടും പൊറുതി തരില്ലല്ലോ''
അമ്മാമ്മ കത്തനാരോട്
പതം പറഞ്ഞ്.
കട്ടിലെടുത്ത്
ചാർത്തില് ഇട്ടു.
പഴയ കയറു കട്ടിലിക്കിടന്ന് അമ്മാമ്മ വീണ്ടും
കൂർക്കം വലിച്ച് ഉറങ്ങി
കുറിഞ്ഞി പൂച്ച പക്ഷേ പലവട്ടം
ചപ്രമഞ്ചത്തി കിടന്ന് പെറ്റു.
ഇപ്പോൾ
olxൽ വിൽക്കാൻ െവച്ച കട്ടിലിൽ
അപ്പാപ്പൻ നീണ്ട് നിവർന്ന് കിടപ്പുണ്ടാവുമോ?