രണ്ട് കവിതകൾ
01. മഞ്ഞ്
പൂവിതൾ താഴ്വരയിൽ നഗ്നയായ് ഞാൻ ഉറങ്ങി.
അരികെ, അവെൻറ കാൻവാസ്, ചായത്തളിക,
ബ്രഷുകൾ.
സ്റ്റാർ ഹോട്ടലിലെ റസ്റ്റോറൻറിലിരുന്ന് ഒരു
സാൻറ്വിച്ച് പകുത്ത്
അവൻ എനിക്കു തന്നു:
''ഇതെെൻറ മാംസം തിന്നുകൊള്ളുക.''
ചഷകങ്ങളിൽ നുരയുന്ന ശീതളപാനീയം-
''ഇതെെൻറ രക്തം- കുടിച്ചുകൊള്ളുക.''
ധ്രുവങ്ങളിൽ ഉറഞ്ഞുകിടന്നിരുന്ന
സ്ഫടിക ജലം അപ്പോൾ ഉരുകിയൊലിച്ചു.
ഒരു നദി കരകവിഞ്ഞൊഴുകി.
വീട്ടിൽ, ഊണുമുറിയിൽ
വെള്ളയപ്പവും സ്റ്റൂവും കഴിക്കുകയായിരുന്നു
ഞാനപ്പോൾ.
02. പതിര്
പകൽ
അസമയം
ഉറക്കം വരുന്നു.
കട്ടിലോടെ ഉറങ്ങാൻ
കട്ടിലെന്നെ വിളിച്ചു.
പുസ്തകം പുസ്തകത്തോടെ
വായിക്കുകയായിരുന്നു
ഞാനപ്പോൾ.
വായനയിൽ തെളിഞ്ഞ
ചില രൂപകങ്ങൾ
പോകല്ലേ...എന്ന്
എന്നോട് കെഞ്ചി.
ഒരു പഴഞ്ചൊല്ല് വന്ന്
പതിരുകൾ മുഴുവൻ വിഴുങ്ങിക്കളഞ്ഞു:
''അക്കരെ ചെല്ലണം
തോണിയും മുങ്ങണം.''
പകൽ
അസമയം
ഉറക്കം വന്നില്ല.
കട്ടിലോടെ ഉറങ്ങാൻ
കട്ടിലെന്നെ വിളിച്ചില്ല.
ഒരു പുസ്തകവും
പുസ്തകത്തോടെ
ഞാൻ വായിച്ചുമില്ല.