ദ ട്രയൽ -കവിത
നൂറു വർഷം പഴക്കമുള്ള
സര്‍ക്കാര്‍ കെട്ടിടത്തിെൻറ വാതിൽക്കൽ, 'കെ'
കാത്തുനിന്നതിനെപ്പറ്റി വേറെയും ഒരു കഥയുണ്ട്:
കുറ്റവാളിയെയോ ദൈവത്തെയോ കാത്തുനിന്ന നായ എന്ന്
തന്നെത്തന്നെ ഉപമിച്ചുകൊണ്ട്.
കെ. തെൻറ കാമുകിക്ക് എഴുതിയ കത്തിലായിരുന്നു അത്.
കെ. തെൻറ കാമുകിക്ക് എഴുതി:
''ഇളം കാല്‍പ്പാടുകളുടെ ഒരു നിര എനിക്കുള്ളില്‍
നനയുകയും മായുകയും ചെയ്യുന്നുണ്ടായിരുന്നു.
ഞാന്‍ പിറക്കുകയും മുതിരുകയും മരിക്കുകയും
ചെയ്യുന്നുണ്ടായിരുന്നു.
തെരുവിലെ വെയിലില്‍ അച്ഛന്‍ എന്നെത്തന്നെ
നോക്കിനില്‍ക്കുന്നുണ്ടായിരുന്നു.
അച്ഛന്‍ ചാരിനിന്നിരുന്ന സൈക്കിള്‍ അതിെൻറ
നിഴലില്‍ കുതിക്കുന്നുണ്ടായിരുന്നു.
പക്ഷേ, ഈ വാതില്‍ക്കല്‍ ഞാന്‍ ഒരു നായ മാത്രവും.
വാതിൽ തുറന്നുവരുന്ന കുറ്റവാളിയെ
കാത്ത് ഞാന്‍ നില്‍ക്കുന്നു.
വാതില്‍ തുറന്നുവരുന്ന യജമാനനെ
കാത്ത് ഞാന്‍ നില്‍ക്കുന്നു.
പരിശീലനം കിട്ടിയ ഒരു ജന്തു.
അല്ലെങ്കില്‍ ദൈവം നരകം സന്ദർശിക്കുന്ന സമയമാണിത്.''
കെ. തെൻറ കാമുകിക്ക് എഴുതി.
''നമ്മുടെ പാര്‍പ്പിടത്തിലെ അഴയില്‍
തോരാനിട്ട വസ്ത്രങ്ങളില്‍
മായാത്ത ചില കറകൾ ഇപ്പോഴും ഉണ്ട് എന്ന്
എനിക്കറിയാം
നമ്മള്‍ സങ്കല്‍പ്പിച്ചതിലുമധികം തെളിവുകളോടെ
അലമാരയില്‍ വേറെയും പഴയ ഉടുപ്പുകള്‍
ചിലപ്പോള്‍ നിെൻറതന്നെ ഉടുപ്പുകളും
വീട്ടിലേക്ക് മടങ്ങിവരുന്നത് ഞാന്‍ ആലോചിച്ചിട്ടേയില്ല
കൂകി പായുന്ന തീവണ്ടിയിലെ പല അറകളില്‍
പല പ്രായത്തില്‍ കിടന്നുറങ്ങുന്ന എന്നെ ഇപ്പോഴും
കാണുന്നതൊഴിച്ചാൽ.''