Begin typing your search above and press return to search.
proflie-avatar
Login

തെണ്ടി -കവിത

തെണ്ടി -കവിത
cancel

നി​െൻറ പേരെന്താണ്?

എ​െൻറ പേര് തെണ്ടി.

നി​െൻറ തന്തയുടെയും തള്ളയുടെയും പേര്?

അവരെ ഞാന്‍ കണ്ടിട്ടില്ല.

എവിടെയാണ് നീ വളര്‍ന്നത്?

പുറമ്പോക്കുകളില്‍.

എന്താണ് നി​െൻറ തൊഴില്‍?

ആക്രി.

ഏതാണ് നി​െൻറ ദേശം?

മനുഷ്യര്‍ താമസിക്കുന്ന നാട്.

നി​െൻറ ഭാഷയേതാണ്?

മനുഷ്യന്‍ സംസാരിക്കുന്ന ഭാഷ.

നി​െൻറ ഭക്ഷണം ഏതാണ്?

മനുഷ്യന്‍ കഴിക്കുന്ന ഭക്ഷണം.

നി​െൻറ വസ്ത്രം ഏതാണ്?

ശരീരം മറയ്ക്കുന്ന വസ്ത്രം.

നിന്നെ പാട്ടു പഠിപ്പിച്ചതാരാണ്?

തെരുവില്‍ ജീവിക്കുന്നവര്‍

പാടുന്നതു കേട്ടു പഠിച്ചു.

ചുവരുകളില്‍ നീ എഴുതിയ

ലിപികളുടെ അർഥമെന്താണ്?

അതു വായിക്കാന്‍ എനിക്കു പിന്നാലെ

ആളുകള്‍ വരുന്നുണ്ട്.

മലമുകളില്‍ നീ കൊത്തിയ ശിൽപത്തില്‍നിന്ന്

ആകാശത്തേക്ക് ശിഖരങ്ങളും

മണ്ണിന്നടിയിലേക്ക് വേരുകളും വളരുന്നതെന്തിനാണ്?

ആകാശത്തേക്കുയരുന്നത് മനുഷ്യ​െൻറ ശിരസ്സാണ്,

മണ്ണിലുറയ്ക്കുന്നത് പാദങ്ങളാണ്.

നി​െൻറ ദൈവമാരാണ്?

എ​െൻറ ദൈവം ഇങ്ങനെയല്ല.

നിനക്കെങ്ങനെയാണ് തെണ്ടി എന്ന പേരു കിട്ടിയത്?

എല്ലാവരും എന്നെ അങ്ങനെയാണ് വിളിക്കുന്നത്.

നീ എങ്ങനെയാണ് ജയിലിലെത്തിയത്?

ഒരിക്കല്‍, രാജാവ് നാടുകാണാനിറങ്ങിയപ്പോള്‍

വഴിയരികില്‍ നിന്ന എന്നോട്

ഒരാള്‍ പേരു ചോദിച്ചു.

അപ്പോള്‍,

ഞാനെ​െൻറ

പേര്

ഉച്ചത്തില്‍ പറഞ്ഞു.

Show More expand_more
News Summary - malayalam poem madhyamam weekly