തീരാജനാലകൾ -കവിത
(ബുദ്ധദേബ് ദാസ്ഗുപ്‌തക്കും അദ്ദേഹത്തിന്റെ The windowക്കും സമർപ്പണം)
പിഴച്ചുപോയ ഇന്ദ്രജാലത്തിനിടെ
ക്ലാസ്റൂം എന്ന മാന്ത്രികന്റെ
തൊപ്പിയിൽനിന്നും
മേൽജാലകത്തിലൂടെ
വിദൂരതയിലെങ്ങോ
പാറിമറഞ്ഞ
കിന്നരിപ്രാവാണ്
ജീവിതം.
അതിനെ
തേടിത്തേടിയുള്ള
അനന്തമായ അലച്ചിലിൽ
പിന്നെയുള്ള കാലമെല്ലാം
ഒടുങ്ങാത്ത തീരാജനാലകൾക്കിടയിലൂടെ
മനുഷ്യനെ
കടത്തിവിട്ടുകൊണ്ടേയിരിക്കുന്നു
സമയമാന്ത്രികൻ.
ജനാലകൾ...
ജനാലക്കള്ളികൾക്കുള്ളിലൂടെ
നമുക്കൊപ്പം നീന്തുന്ന
ഒടുങ്ങാചതുരങ്ങൾ.
നാലുചുറ്റും
സ്വയം വളർന്നുയരുന്ന ജനലഴികൾ.
ഉള്ളിൽ കൊളുത്തിപ്പറിക്കുന്ന
ജനാലക്കൊളുത്തുകൾ.
ഉയിരുമുഴുവൻ
മുറിവുകൾ കൊത്തി
ട്രപ്പീസാട്ടുന്ന
കൂടാരബാധകൾ.
വഴിയിൽ
തളർന്നുവീണു
കുഴഞ്ഞുകിടക്കുമ്പോൾ
സാമൂഹ്യപാഠക്ലാസിൽ, പണ്ട്,
ചൂരലിനെയവഗണിച്ച്
കാലുകളിലേക്കടിച്ചുകയറിയ
മധ്യധരണ്യാഴിത്തിരകൾ
വീണ്ടും... വീണ്ടും...
അവയുടെ നുരപതനനച്ചിലുകളിൽ
പിടിച്ചുകേറിയുള്ള
ഉയിർത്തെഴുന്നേൽപ്പുകൾ.
വഴിപ്പാതിയിലായപഹരിക്കപ്പെട്ട
കളിപ്പാട്ടങ്ങളിൽനിന്നുള്ള
കളിപ്പാട്ടുകൾ തുടർന്നങ്ങോട്ട്
കൈപിടിക്കും.
പാത വെട്ടും.
തിരച്ചിൽ തുടർന്നുകൊണ്ടേയിരിക്കും
എവിടെയുമെത്തിക്കാതെ.
ഒടുവിൽ
ഉപേക്ഷിക്കപ്പെട്ട മാർക്കറ്റിലെ
പടുമരച്ചുവട്ടിൽ
ആരും കൂടെകൂട്ടാതെ
തനിച്ച് പൊടിപിടിച്ച് കിടക്കുമൊരു ദ്രവിച്ച
ജനാലയായിട്ടത് കണ്ടെത്തും.
നക്ഷത്രങ്ങൾക്കിടയിൽ
നിന്നൊരു കുഞ്ഞുജാലകം തുറന്ന്
ഇമ ചിമ്മാതെ
അതുതന്നെ നോക്കി
ഭൂമിയെ ചുറ്റും.
ചുറ്റിക്കൊണ്ടേയിരിക്കും.
തൊട്ടപ്പുറത്തെ
മരച്ചുവട്ടിൽ
മുളച്ചുവളർന്നുപടർന്ന
കള്ളിമുൾച്ചെടിക്കൂട്ടങ്ങളെ
ആരെങ്കിലും
ആ ഫ്രെയിമിൽനിന്നുമൊന്നു
എഡിറ്റ് ചെയ്തുകളഞ്ഞിരുന്നെങ്കിൽ..!!