Begin typing your search above and press return to search.
തടാകക്കരയിൽ -കവിത
Posted On date_range 1 Feb 2022 6:19 AM GMT
Updated On date_range 1 Feb 2022 6:19 AM GMT
തടാകക്കരയിൽ ഞങ്ങളിരുന്നു
വേനലാകയാൽ
വെള്ളം കുറഞ്ഞു
വീണുകിടന്ന മരക്കൊമ്പിൽ
ഒരു പൂവുമാത്രം
ഒരു കൊറ്റി
നിഴലിടാൻ ഒരു മേഘം.
അവളുടെ ചുണ്ടുകൾ വരണ്ടിരുന്നു
അരികു കറുത്തിരുന്നു
മുടി പാറിക്കിടന്നു.
ദാ നോക്കൂ ഒരു മാൻ
അവളെന്നെ തട്ടിവിളിച്ചു.
മരക്കൂട്ടങ്ങൾക്കിടയിൽ
ഒരു കലമാൻ
നോക്കിനിൽക്കുന്നു.
മുമ്പൊരു മഞ്ഞുകാലത്തും
ഞങ്ങളിവിടെ വന്നിരുന്നു
മഞ്ഞുകാരണം അവൾ പുതച്ചിരുന്നു
ഞാനൊരു സെറ്റർ ഇട്ടിരുന്നു.
അവളും ഞാനും ഓരോ കല്ലിലും ഇരുന്നു.
നീല ജലാശയം
ആയി തടാകം
ഒരു ഇല അതിന്റെ മാറിൽ
ഒഴുകി
അവൾ ഒരു പാട്ടുമൂളി
പർവതം, പാറപ്പുറം, പുൽപ്പരപ്പ്
നോക്കി ഞാനിരുന്നു.