മീൻ -കവിത
മീനതിെൻറ
ചിരപുരാതന ഗന്ധത്തോടെ
ഫ്രീസറിൽ കിടന്നു
അതിെൻറ ഗന്ധം
കാലപ്പഴക്കം വന്ന മൃതദേഹത്തിന്‍റേത്
(കാലം കഴിഞ്ഞാൽ
മനുഷ്യരും മീനുകളും തമ്മിലെന്ത്!)
മീനിനെ വലിയ വിലകൊടുത്ത്
ഒരാൾ വാങ്ങുന്നു
ഒരു
ചിത്രകാരൻ!
മീൻമുള്ളുകളുടെ ചിത്രം
അയാൾ വരച്ചു
കണ്ടാൽ മനുഷ്യെൻറ എല്ലുകളാണെന്ന്
തോന്നും
ജീർണിച്ച ശരീരം വരച്ചില്ലെങ്കിലും
അതാരുടേത് എന്ന് ഒരു നിമിഷം
നമ്മൾ ചിന്തിച്ചുപോകുന്നു
നമ്മുടെ ഒരു നിമിഷത്തെ
അപഹരിക്കുന്നു
അവിടെയില്ലാത്ത ശരീരം
മീൻപോലെ നിശ്ശബ്ദയാവുന്നു ഞാൻ
ചിത്രത്തെ അക്കാദമി ഹാളിൽ കാണുന്നു
എന്തൊരർഥമില്ലാത്ത
മരണം...
ജീവിതവും..!
പിന്നീടൊരിക്കൽ
പ്രിയപ്പെട്ട ഒരാളുടെ ഫ്രീസറിൽ
െവച്ച മൃതദേഹം
ഞാൻ നോക്കിനിൽക്കുന്നു
മുമ്പിൽ കിടക്കുന്ന
ഒരു മീൻപോലെ,
അവൻ
എന്‍റേതല്ലാതാവുന്നു
അവന്റെ ഓർമകൾ
എല്ലാം
ഒറ്റ നിമിഷംകൊണ്ടു
ഫ്രീസ് ചെയ്യുന്നു
ആ വലിയ പെട്ടി!