നീ -കവിത
വാതിലിന് പുറംതിരിഞ്ഞാണ്
അയാളിരിക്കുന്നത്.
ഓരോ തവണ വാതില്‍ തുറക്കുമ്പോഴും
അത് ''നീ'' ആയിരിക്കുമെന്ന് അയാള്‍ പ്രതീക്ഷിക്കുന്നു.
ഞാന്‍ കണ്ടതാണ്,
കേടായിക്കിടന്ന ഒരു റേഡിയോ
റിപ്പയര്‍ ചെയ്തുകൊണ്ട്
അയാള്‍ വാതിലിന്
പുറംതിരിഞ്ഞ് ഇരിക്കുന്നത്.
''നീ''- മദ്യശാലയില്‍ അയാള്‍ അന്നു കണ്ട
സുന്ദരിയാവാം.
തൊണ്ട തിരിച്ചുകിട്ടിയ റേഡിയോയില്‍നിന്ന്
ആദ്യം കേട്ടപാട്ട് അയാള്‍ കൂടെ പാടുന്നു.
കുതിരയും ഉറുമ്പും നക്ഷത്രവും
എലിയും പൂച്ചയുമൊക്കെ
പുലരിയില്‍ ഉണരുന്ന,
ആണും പെണ്ണുമെല്ലാം എഴുന്നേറ്റ്
സ്നാനം ചെയ്യുന്ന പാട്ട്.
നീ പാട്ടുകേട്ട് ഉടനെ വരുമെന്നുകരുതി
അയാള്‍ വാതില്‍ക്കലേക്ക്
അടിക്കടി തിരിഞ്ഞുനോക്കുന്നു.
ഞാന്‍-
അയാളേയും, എപ്പോഴെങ്കിലും
വരാവുന്ന നിന്നെയും പ്രതീക്ഷിച്ച്
ആ ഒരു പാട്ടും കേട്ട്,
ഒരു ബസിലേക്ക് കാലുംവെച്ചിരിക്കുന്നു.
ചിലപ്പോള്‍ ഈ ബസ് പോയിക്കഴിഞ്ഞാവും
നീ വരിക.
അയാള്‍ റേഡിയോ താഴെെവച്ച്
എന്തോ കടലാസില്‍ കുറിക്കുന്നു.
നീ ശരിക്കും മദ്യശാലയില്‍ അയാൾകണ്ട സുന്ദരിതന്നെയോ
ചിലപ്പോള്‍ 'നീ' തെരുവില്‍ അയാള്‍ കണ്ട
ഒരു വിദ്യാർഥിയാവാം.
അയാള്‍ തിരിഞ്ഞുനോക്കുന്നത്,
പുതുക്കപ്പെടേണ്ട ഐഡിയോളജികളെപ്പറ്റി
അരികുവത്കരിക്കപ്പെട്ടവരെപ്പറ്റി
നിര്‍ബാധം സംസാരിക്കുന്ന ആ വിദ്യാർഥിയെ ആയിരിക്കാം.
ഞാന്‍ എന്തായാലും അയാളെ വീക്ഷിക്കുമ്പോള്‍
അയാള്‍ പ്രാണനെടുക്കുന്ന വേഗതയില്‍
പലതരം പണികള്‍ ചെയ്തുകൊണ്ടിരിക്കുന്നു
പാടുന്നു, എന്തോ കുറിയ്ക്കുന്നു.
ഈ ബസ് എപ്പോള്‍ പോകാനാണ്.
നീ വരാതെ,
അയാള്‍ ഈ പലതരം പണികള്‍ നിര്‍ത്താതെ, പോകില്ലെന്നാണോ.
ഞാന്‍ ബസിലേക്ക് കാലുംവെച്ചിരിക്കുന്നു.
ബസിന്റെ പടികള്‍ നല്ല ഉയരത്തിലാണ്.
ബസില്‍ ഒരു ചെരുപ്പുകുത്തിയും
വിറ്റുതീരാഞ്ഞ കുറച്ച് മണ്‍കലങ്ങളും
ഡ്രൈവറും ഉണ്ട്.
ഈ 'നീ' എപ്പോഴാണ് വരുന്നത്?
അയാള്‍ കസേരയില്‍നിന്നെണീറ്റ്
അങ്ങോട്ടും ഇങ്ങോട്ടും നടക്കാന്‍ തുടങ്ങി.
അയാള്‍ ഇത്ര പ്രതീക്ഷിക്കാന്‍ മാത്രം
നീ ആരാണ്...
നിന്നെ ഞാനറിയുമോ..
ഈ ബസിലിരുന്ന് അയാളെ നോക്കുമ്പോള്‍
നീ വരുന്നതിന് മുന്‍പെങ്ങാനും
ബസ് പോകുമോ എന്ന് ഞാന്‍ ആധിപ്പെടുന്നു.
നീ ഇനി ഈ ഉറക്കംതൂങ്ങുന്ന ചെരുപ്പുകുത്തിയെങ്ങാനും ആണോ..
തട്ടിയുണര്‍ത്തിയാലോ...
നിന്നെ ഞാന്‍ കണ്ടിട്ടുണ്ടോ..
അയാള്‍ക്കെന്തോ നിന്നെ ഏല്‍പിക്കാനുണ്ട്
അതാണയാള്‍ തിടുക്കപ്പെടുന്നത്.
പാവം, ഞാനയാളെ ശ്രദ്ധിക്കുന്നത്
അയാള്‍ കണ്ടുവെന്ന് തോന്നുന്നു;
എന്നെ അയാള്‍ നോക്കുന്നുണ്ട്.
ബസിലേക്ക് കയറി ഇരുന്നേക്കാം; ബസ് വിട്ടാലോ...
നീ എത്തിയാലും ഇല്ലെങ്കിലും
ഇനിയെനിക്ക് പോകണം.
ഈ ദൂരക്കാഴ്ചയിലൂടെ
അയാളേയും അടഞ്ഞുകിടക്കുന്ന
ആ വാതിലിനേയും
വീക്ഷിക്കാന്‍ നല്ല രസമായിരുന്നു...
ഒന്നുകൂടി അവസാനമായി എത്തിനോക്കി; അയാളെവിടെ?
ആരോ തോളില്‍ തട്ടുന്നു...
തിരിഞ്ഞുനോക്കി...
അയാളാണ്.