പറമ്പ് -കവിത വായിക്കാം
ഇന്ത്യയും പാകിസ്താനും തമ്മില്‍...
പറമ്പില്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍
ടോസ് കിട്ടരുതേന്നു പ്രാർഥിക്കും.
ടോസ് കിട്ടിയാല്‍
ഇന്ത്യയാകേണ്ടിവരും...
സച്ചിനേക്കാ, ളഫ്രീദിയും
സഹീറിനേക്കാളുമക്തറും
പ്രിയമാണീ പറമ്പിന്.
അക്തറെറിയുമ്പോള്‍
ഒരുശിരന്‍ കാറ്റ്
പാഞ്ഞേറും ഞരമ്പിലായ്.
സിക്സറിലൂടുയര്‍ന്നു പൊങ്ങി
ഗാലറി കടന്ന്
ഞങ്ങളുടെ ഇടനെഞ്ചില്‍ വന്ന്
നിപതിച്ച് നിവര്‍ന്നെഴുന്നു നില്‍ക്കുമഫ്രീദി...
പറമ്പിത്തിരി മുതിർന്നപ്പോൾ
കബഡിയിൽ പന്തുപോലാളുകൾ
പൊന്തി തെറിച്ചു.
കളികഴിഞ്ഞിരിക്കുമ്പോളൊരുത്തൻ
പാകിസ്താനിലേക്കിനി ഫ്രീയായി
ടിക്കറ്റുണ്ടെന്നറിയിച്ചു.
അഫ്രീദിയുമക്തറും
വിട്ടുപോയ പറമ്പിനെങ്ങിനെയും
അവരോടൊത്ത് കളിക്കണം.
പോകാമെന്നുറപ്പിച്ച് പൊടിഞ്ഞുണങ്ങിയ
കൈകാലുകൾ നിവർത്തി വേച്ചുവേച്ച്
കാര്യാലയത്തിലെത്തി ടിക്കറ്റെടുത്തു.
അതിരാവിലെ ബസെത്തി.
അടുത്തിരുന്ന പെണ്‍കുട്ടി
ഗുലാം അലിയെപ്പാടി.
പഞ്ചാബിൽനിന്നു
ലാഹോറിലേക്ക് പകുത്തുപോയ
മറുപാതിയിലലിഞ്ഞ സിങ്
വെയിലിൽ ലെസിയെ പകർന്നു.
സച്ചിനില്‍ വിറകൊണ്ടോ-
രക്തറിന്‍ ബൗണ്‍സര്‍
പറമ്പില്‍ പതിഞ്ഞ മാതിരി
ബസു പാഞ്ഞൂ വേഗത്തില്‍...
അതിര്‍ത്തിയോടടുത്തതും
ഡ്രൈവര്‍ ബസിനെയൊന്ന്
കുടഞ്ഞപോല്‍ പുറത്തുചാടി.
പാകിസ്താനിലെത്തുംമു-
മ്പക്ഷണം ബസൊരാഘാത-
മായി...പൊട്ടിത്തെറിച്ചുപോയ്...
പണ്ടേതോ കുട്ടികള്‍
ക്രയോണില്‍ക്കോറിയുപേക്ഷിച്ച
പാതികത്തിയൊരിന്ത്യന്‍
ഫ്ലാഗും വലംകൈയും ഇപ്പുറം വീണു
Dear Afridi & Akhtar
Lots of Love from India
എന്നെഴുതിത്തീർത്തൊരു കത്തും ഇടത്തേകൈയും അപ്പുറം വീണു.
ഉടലാകെത്തെറിച്ച്
പൊടിഞ്ഞുപോയ പറമ്പ്
അവിടെയുമിവിടെയുമായി
ചിതറിക്കിടന്നു.