ഒരു കച്ചവടക്കാരന്റെ അപേക്ഷകൾ
വർണബലൂണുകൾ
കൊണ്ടുപൊയ്ക്കോളൂ,
നെഞ്ചത്തടക്കി പൊട്ടാതെ
നോക്കണമെന്നു മാത്രം,
അതിനുള്ളിലെന്റെ ശ്വാസമാണ്.
നിറക്കുടകൾ എടുക്കുന്നതുകൊള്ളാം
പൊന്നുപോലെ കരുതണമെന്നു മാത്രം,
ഞാൻ പലവട്ടം നനഞ്ഞിട്ടും
നിവർത്താതെ കാത്തതാണ്.
പുസ്തകങ്ങളൊന്നും നശിപ്പിക്കരുത്,
എത്ര വായിച്ചിട്ടും കൊതിതീരാത്ത
കഥകളും കവിതകളുമാണ് നിറയെ.
പുത്തൻ സഞ്ചി തുറന്നാൽ
ഉടൻ അടച്ചേക്കണം,
അതിനുള്ളിലെ മണം
എനിക്കത്രക്കിഷ്ടമായിരുന്നു.
ചായപ്പെൻസിലുകൾ
വരക്കാനെടുക്കുമ്പോൾ
എന്നെയോർക്കണം,
ആ ചായങ്ങളെന്റെ പ്രാണനാണ്.
പിന്നെ, മയിൽപീലിക്കതിർ
പെറ്റുപെരുകുന്നെങ്കിൽ
പറയാൻ മറക്കരുത്,
കാത്തുകാത്തു ഞാനും
കുറെ കണ്ണ് കഴച്ചതാണ്.