പത്ത് കവിതകൾ
1. മരണം
ഒളിച്ചേ കണ്ടേ കളിക്കുമ്പോൾ
എവിടിരുന്നാലും
കണ്ടുപിടിക്കുന്നൊരു
കൂട്ടുകാരൻ ഉണ്ടായിരുന്നു
അവൻ പോയപ്പോൾതൊട്ടാണ്
പേടിച്ച് തുടങ്ങിയത്
പിന്നിൽ വന്ന് നിന്നെ കണ്ടേ
എന്ന് അപ്രതീക്ഷിതമായി
അവൻ പറയുമല്ലോ എന്നോർത്ത്.
2. വേദന
മഴയത്ത് ഉറുമ്പിൻ കൂട്
ഒഴുകിവരുന്നത്
കണ്ടിട്ടുണ്ടോ
അവയെ കൈയിലെടുക്കരുത്
ഉറുമ്പിൻ കൂട് ഓർമകളാണ്
നല്ല വേദന തരാൻ പ്രാപ്തിയുള്ള
ഒത്തിരി ഓർമകളടങ്ങിയ കൂട്.
3. ഓർമകൾ
സങ്കടങ്ങളുടെ
പെരുംതേനീച്ചകൂട്ടത്തിനിട്ട്
കെല്ലറിഞ്ഞതുപോലാകും
ചിലപ്പോൾ
കുത്താതെ വിടുമോ
4. വെമ്പൽ
തലോടലിൽ
ഉയരുന്ന രോമങ്ങൾ
ചേർത്ത്പിടിക്കാൻ
വെമ്പിവരുന്ന കൈകളാണ്...
5. കൊതി
കുളിരണിയിപ്പിച്ച
കോരിത്തരിപ്പിച്ച
ഒരു വിരലിനെയെങ്കിലും
ചേർത്ത് പിടിക്കാൻ
കൊതിക്കുന്നതുപോലെ
ഒരു തുള്ളിയെ എങ്കിലും
പിടിച്ചുവെക്കാൻ
ഇലകൾ കൊതിക്കുന്നുണ്ടാകും
വെയിൽ എത്തുന്നവരെ എങ്കിലും.
6. ദേഷ്യം
ദേഷ്യത്താൽ കാലം
വലിച്ച് കീറി പറത്തിക്കളയുന്ന
രണ്ട് തുണ്ട് കടലാസ്
നീ ഒന്നിൽ ഞാനും
ഊതുന്ന, പറത്തുന്ന കാറ്റ്
അവിടെ ഉപേക്ഷിച്ച് പോകുന്നു.
7. തലക്കനം
തലക്കപ്പിടി കനമാണല്ലോ
നോവുകളും വേവുകളും
കൂട്ടിെവച്ചതാന്ന്
നിനക്കൊന്ന് ചിരിച്ചൂടെ
കരഞ്ഞപ്പോൾ കാണാത്തവർക്ക്
ചിരി എന്തിന്.
8. മറുക്
ചെടിക്ക് കണ്ണേറ്
കിട്ടാതിരിക്കാൻ
ഇല കവിളിൽ തൊട്ട
മറുകാണ് പൂക്കൾ.
9. മുറിവ്
ബാല്യത്തിൽ
അമ്മ മരിച്ചവരുടെ
ഹൃദയത്തിലേക്ക്
നോക്കിയിട്ടുണ്ടോ
അത്രയും ആഴത്തിൽ
മുറിവേറ്റ മറ്റൊന്നും
ഭൂമിയിൽ കാണില്ല.
10. പ്രണയം
ഒന്നിൽനിന്ന്
മറ്റൊന്നിലേക്ക്
ഒരിക്കലും
വിവർത്തനം
ചെയ്യപ്പെടാൻ
കഴിയാത്ത
ഭ്രൂണ ഭാഷ.