വിരുന്ന് നേരങ്ങൾ
എപ്പോഴാണ് ഒരു വിരുന്നുകാരൻ വരികയെന്നറിയില്ല...
വെയിൽ മായുന്ന വൈകുന്നേരങ്ങളിൽ
ബസ്സിറങ്ങിയോ, അത്ര മെച്ചമല്ലാത്ത പാതയോരം ചേർന്ന്
ചായ്ഞ്ഞു നടന്നോ പീടികക്കോലായിലെത്തി ബെഞ്ചിലിരിക്കും.
ഒരു മധുരമിടാ ചായയിൽ ബന്ധം പങ്കിടും.
നറുനീണ്ടിയും (നന്നാറി) കുറുന്തോട്ടിയും ഉണക്കി
പട്ടണത്തിലേക്ക് കയറ്റിയ മരുന്നുകാരൻ മാമയുടെ
നന്മജീവിതത്തിന്റെ വിരുന്നു രാത്രികൾ
ബാല്യത്തിന്റെ ഓർമയെ സുഗന്ധം പുരട്ടുന്നു.
വറകലത്തിലെ മസാലഗന്ധം സന്ധ്യയെ ഉണർത്തുകയും
അത്താഴ പിഞ്ഞാണങ്ങളെ സമൃദ്ധമാക്കുകയും ചെയ്തു.
നേരമിരുട്ടുമ്പോൾ വീട്ടിലെ തൊടിയിലേക്ക്
ഒരാനയും പാപ്പാനും വിരുന്നുകാരായി വന്നുചേരുന്നു.
വിരുന്നാനയുടെ നിലയും വിശേഷവും രാക്കഥയുടെ
ഉരുപ്പടിയാകുകയും നേരം വെളുപ്പ് വീഴവേ
ഓർമകളെ വളപ്പിൽ തളച്ച് അവരങ്ങിറങ്ങിപ്പോവുകയും ചെയ്യും.
ബാല്യക്കാരന്റെ ഉറക്കം മുറിഞ്ഞ രാവിൽ
രാത്രി പ്രക്ഷേപണത്തിന്റെ രഞ്ജിനിയിൽ
‘ശരത്കാല മേഘം വന്നൂ മലരൂഞ്ഞാലാടിയതോ’
എന്ന് നീട്ടിപ്പാടി വിരുന്നെത്തി -ട്രാൻസിസ്റ്റർ കാലം.
ഒരു പലഹാരപ്പൊതികൊണ്ട് വാത്സല്യത്തിന്റെ
വസന്തമാവുകയും അക്ബർസദഖ*യുടെ പക്ഷിപ്പാട്ടുകൊണ്ട്
രാവിൽ വിരുന്നൊരുക്കുകയും ചെയ്തു ഉമ്മുമ്മ...
പകലൊരു നേരത്ത് റിക്ഷ ടാക്സിയിൽ വന്നിറങ്ങുന്ന
ആഢ്യമായ വിരുന്നുനേരമാണ് വെല്ലുമ്മ.
ദീർഘ ദൂരത്തേക്ക്; ഞാനറിയാതെ
ഒരു രാത്രി; ഒരു വിരുന്നേ ഞാൻ പോയതുള്ളൂ.
ജീവിതത്തിന്റെ മുഴുവൻ സൽക്കാര നേരങ്ങളും
പിന്നീടങ്ങോട്ട് മുറിയാതെ ഒഴുകിപ്പരന്നു.
ഓർത്തുനോക്കുമ്പോൾ
നാട്ടുകവലയിലെ പീടികക്കസാലയിൽ
‘ഇനി നാളെപ്പോകാം’ എന്ന ആജ്ഞാവാക്കുമായി
വിരുന്നൊരുക്കി ഒരാളിരിക്കുന്നത് കാണും; വാപ്പ.