Begin typing your search above and press return to search.
തനിച്ചിരിക്കുമ്പോൾ
Posted On date_range 2 Feb 2022 3:23 PM IST
Updated On date_range 2 Feb 2022 3:23 PM IST
തുലാത്തുമ്പിത്തുടിപ്പിനറ്റത്ത്
തനിച്ചിരുന്ന പെൺകുട്ടിക്ക്,
കിനാവിന്റെ കരവീരകത്തേര്
കനകാംബരത്തോട് കിളിത്തട്ടുകളി
നാഗമരച്ചോലയിൽ നാട്ടുവർത്തമാനം
പാതിരാപ്പൂമ്പൊടിത്തുമ്പത്ത്
താരകനീലിക്കൊത്ത് (1) കിന്നാരം
ഇരുവാക്കയ്യാലമേൽ
നെയ്യുറുമ്പോട് ചിത്താന്തം...
തനിച്ചുതുഴഞ്ഞ കുളവാഴച്ചങ്ങാടത്തിൽ
തുണയ്ക്കുപോകാൻ ധനുക്കുളിര്
ധനുക്കുളിരിൽ, നിറനിലാവിൽ,
കുടകപ്പൂപ്പാലമേൽ കുമ്മിയടി
തനിച്ചുനടക്കുന്ന പെൺകുട്ടിക്ക്
നിഴലായ് നീലശംഖുപുഷ്പം
മുഖംമിനുക്കാൻ മേന്തോന്നിച്ചുവപ്പ്
തുടിച്ചുപാടാൻ
ഞാറ്റുവേലപ്പെയ്ത്ത്
അന്തിക്കൂട്ടിന് അമൽപ്പൊരി(2)ച്ചിന്ത്
തനിച്ചിരിക്കുന്ന പെൺകുട്ടി
മുറ്റത്തേ മുത്തങ്ങാത്തുമ്പിൽ
ഒരിറ്റ് മഞ്ഞ്,
വെയിൽചൂടി വെറുതേ വിയർത്താൽ
ഒരു കുഞ്ഞു കുളിരാർന്ന ലോകം!
1. താരകനീലി -നിശാശലഭം
2. അമൽപ്പൊരി- ഒരു ഔഷധസസ്യം