കുഴിയാന, വീട് നഷ്ടപ്പെട്ട കുട്ടി
1. കുഴിയാനഅമ്മ പണിക്കു പോയിത്തുടങ്ങിയപ്പോഴാണ്ഞങ്ങൾ ലോകം കണ്ടുതുടങ്ങിയത്പണ്ടൊരിക്കെ കോഴിപ്പെരേന്ന് ഉച്ചപ്പണി കഴിഞ്ഞുവന്ന അമ്മയെചോറു കൊടുത്തില്ലെന്നും പറഞ്ഞച്ഛൻ ചെവിക്കല്ല് നോക്കിപ്പൊട്ടിച്ചത്പലയാവർത്തിഒന്ന്രണ്ട്മൂന്ന് അച്ഛനുച്ചയ്ക്ക് വരുന്നയന്നൊന്നുംഅമ്മ പണിക്ക് പോവാറില്ല സ്കൂൾ ഫീസ്ലോട്ടറി കച്ചവടക്കാരുടെ വാഗ്ദാനംപോലെ നാളെ നാളെ എന്നച്ഛന്റെ നാവിൽ കല്ലിച്ചു കിടന്നു.പേജ് തീർന്നാൽ ബുക്ക് വാങ്ങാൻ കാശില്ലന്നുംപേജ് വിടാതെ എഴുതണമെന്നുമുള്ള...
Your Subscription Supports Independent Journalism
View Plans1. കുഴിയാന
അമ്മ പണിക്കു പോയിത്തുടങ്ങിയപ്പോഴാണ്
ഞങ്ങൾ ലോകം കണ്ടുതുടങ്ങിയത്
പണ്ടൊരിക്കെ കോഴിപ്പെരേന്ന്
ഉച്ചപ്പണി കഴിഞ്ഞുവന്ന അമ്മയെ
ചോറു കൊടുത്തില്ലെന്നും പറഞ്ഞച്ഛൻ ചെവിക്കല്ല്
നോക്കിപ്പൊട്ടിച്ചത്
പലയാവർത്തി
ഒന്ന്
രണ്ട്
മൂന്ന്
അച്ഛനുച്ചയ്ക്ക് വരുന്നയന്നൊന്നും
അമ്മ പണിക്ക് പോവാറില്ല
സ്കൂൾ ഫീസ്
ലോട്ടറി കച്ചവടക്കാരുടെ വാഗ്ദാനംപോലെ നാളെ
നാളെ എന്നച്ഛന്റെ നാവിൽ കല്ലിച്ചു കിടന്നു.
പേജ് തീർന്നാൽ ബുക്ക് വാങ്ങാൻ കാശില്ലന്നും
പേജ് വിടാതെ എഴുതണമെന്നുമുള്ള ശാസന
അമ്മയുടെ നാവിൽ ചുരുണ്ടുകിടന്നു.
തുന്നിയ ബാഗ്,
സേഫ്റ്റി പിൻ കുത്തിയ ചെരുപ്പ്
കമ്പി പൊട്ടിയ കുട
അമ്മ പണിക്ക് പോയേപ്പിന്നെയാണ്
ഇതെല്ലാം കാണാതായത്
പുറംലോകം കണ്ടു തുടങ്ങിയപ്പോ അമ്മയ്ക്ക്
വെളിവു വെച്ചെന്ന് അച്ഛനും
നന്നായെന്ന് ഞാനും.
അമ്മ പണിക്കു പോയേപ്പിന്നെയാണ് തന്റേടിയായത്
അച്ഛൻ തല്ലാതായത്
അമ്മ കുഴിയാനവട്ടത്തിൽ
അവരവരെത്തന്നെ പാകപ്പെടുത്തിയെടുക്കുന്നു..!
2. വീട് നഷ്ടപ്പെട്ട കുട്ടി
''എവിടേടീ പുന്നാരമോളേ''ന്ന്
ആടിയാടി വരുന്ന
അച്ഛന്റെയൊരു വിളിയുണ്ട്.
ഒറ്റമുറിയിലെ കട്ടിലിൻവക്കത്ത്
നെഞ്ചിലൊരു മലയോളം തീ പെറ്റിട്ട്
ഞാനവിടെയിരിക്കും.
ഈ കാലമാടനെ കാലനുപോലും വേണ്ടല്ലോ
എന്നമ്മ പതം പറയും.
അനിയന് കൊണ്ടോവാൻ ചോറിന് കൂട്ടാനില്ലന്നും,
വണ്ടിക്കാശ് കൂടാൻ പോകുന്നെന്നും
അമ്മ ആധി പിടിക്കും.
അപ്പോഴേക്കും അച്ഛൻ മുറ്റത്തുനിന്നും
ഇറയത്തേക്ക് കേറി മലർന്നു കിടപ്പുണ്ടാകും.
ഞാനുമനിയനും അച്ഛന്റെ കിറിവക്കത്തൂടെ
ഒലിച്ചിറങ്ങുന്ന ഞൊട്ടയും ഞോളയും കണ്ടു
അന്യോന്യം നോക്കി നിക്കും
ഉള്ളു വേവുന്ന മണത്തോടെ
അമ്മ ചോറു വിളമ്പുമ്പോ ഞാനോർക്കും,
അമ്മയ്ക്കിയാളെ കളഞ്ഞിട്ട് പോയിക്കൂടേന്ന്
ഞാനുമനിയനുമൊന്നും ഇല്ലായിരുന്നെങ്കി
അമ്മയ്ക്ക് ഒറ്റക്കിറങ്ങിപ്പോവായിരുന്നല്ലോന്നോർത്തു
ജനിക്കണ്ടായിരുന്നുന്ന് വരെ തോന്നിപ്പോകും
അച്ഛൻ കള്ളുകുടിച്ചു വരുന്ന രാത്രിയമ്മക്കു
മാത്രമുറക്കമില്ല.
ഉറങ്ങാതെ എത്ര മണിക്കൂറങ്ങനെ
കിടക്കുമെന്ന് ഞാനതിശയപ്പെടും
പിറ്റേന്ന്,
പാട്ടയിൽ നേരങ്ങളോളം കോരി നിറച്ച
വെള്ളമപ്പാടെ മേലെ കമഴ്ത്തി
കുളിച്ചെന്ന് വരുത്തി അച്ഛൻ
പണിക്ക് ധൃതിയിൽ
പട്ടണത്തിലേക്കുള്ള ബസിനായോടും.
അമ്മയാണെങ്കി വീടുതൂക്കാനും.
തീവണ്ടിയില് ഒറ്റയ്ക്ക് യാത്രചെയ്തു പട്ടണത്തിൽ
പഠിക്കാമ്പോണം.
വീടില്ല...
വീട് വേണ്ട...
വീടെല്ലാർക്കും ഒരു വീടല്ല..!