മൂന്നാം മരണം
text_fieldsവിടരുന്ന യൗവനം കീറി,
കനവിന്റെ കൂടിൽ വീണടിയുന്ന ആദ്യമരണത്തിന്
തീച്ചൂളയുടെ നിറമാണ്.
കറുത്ത ചാരം മൂടിയ മരങ്ങൾക്കിടയിൽ,
തുറിച്ച കണ്ണുകളിൽ മരണത്തിന്റെ ഈച്ചകൾ വട്ടമിട്ടു പറക്കും.
ജ്വാലകൾ പടർത്തിയ കാട്ടിലെ തീനാമ്പിൽ കത്തിത്തീരാത്ത,
പകയുടെ ഞരമ്പുകൾ തെറിച്ചുവീഴും.
സുകൃതാക്ഷരങ്ങൾ അലറിക്കരഞ്ഞ രാവുകളിൽ
കണ്ണീർത്തടം കെട്ടി ഞരമ്പുകൾ വീർത്തിരിക്കും.
പാതി മരണത്തിന്റെ മുറിയുന്ന ചില്ലകളിൽ,
തേങ്ങുന്ന രാപ്പാടി ചിറകുയർത്തിപ്പറക്കും.
രണ്ടാം മരണത്തിന്റെ ശവമഞ്ചത്തിനരികെ,
മരുഭൂമിയിലെ ഉഷ്ണക്കാറ്റിൽ, ഒറ്റപ്പെട്ട മുൾച്ചെടിയിൽ
നീറിപ്പുകയുന്ന കാറ്റിൽ, നിശ്വാസത്തിന്റെ ഏകാന്തതാളം.
പുകമറയ്ക്കുള്ളിൽ, തീക്കാറ്റു പറ്റുന്ന ദൈന്യത.
ചാവുകടലിൻ തീരങ്ങളിൽ ശൂന്യമാകുന്ന
പൊള്ളത്തരങ്ങളിൽ, മുങ്ങിത്താഴാനാകാത്ത നിസ്സംഗത.
മരണം കാത്തുകിടക്കുന്ന അന്തരാള ജന്മങ്ങളിൽ
വിരഹത്തിന്റെ തേങ്ങൽ.
തീരാനോവ് കനംവച്ച,
മാറാലക്കൂട്ടിലെ മൂടപ്പെട്ട മൗനാക്ഷരങ്ങൾ.
നിലാവിനൊപ്പം പെയ്തിറങ്ങുന്ന, ചിന്താക്ഷരങ്ങളിൽ,
അവസാനിക്കാത്ത നനവ്.
മൂന്നാം മരണത്തിന്റെ കണ്ണിൽ വേനൽ
അരിഞ്ഞിട്ട, നിറമുള്ള പച്ചിലകൾ.
മരണത്തിന്റെ കണ്ണിലേക്ക്, കറുത്ത ചിറകുകൾ വീശി,
മരണപ്പാട്ടുമായി തണുത്ത കൈകൾ.
കാലം കാത്തിരിക്കുന്ന വീഴ്ചയുടെ ഇലത്താളിലേക്ക്,
മരണത്തിന്റെ മൂന്നാം കണ്ണ്
മരണത്തിന്റെ മൂന്നാം കണ്ണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.