മുംബൈക്ക് മീതെ ഇവള്
വഴിയിലൊരു െഫ്ലമിംഗോ കാതില്‍ ചൊല്ലി:നീ മുംബൈക്കു മീതെ പറക്കുകയാണ്.വര്‍ളിയിലെ കടല്‍ക്കാറ്റിനൊപ്പം ഇവള് മൂളി...ഉം...മിഠി നദി, ശിവാജി പാര്ക്ക്ജൂഹുബീച്ച്, ബലൂണുകള്‍,സര്ക്കാര്മന്ദിരങ്ങള്, കോര്‍പറേറ്റ് കോട്ടകള്‍, പട്ടങ്ങള്‍, പാനിപൂരി, പാവ്ഭാജി,നിറങ്ങള്‍ സ്വപ്നങ്ങള്‍, ആഹ! ഇവള് മുംബൈക്ക് മീതെ പറക്കുകയാണ്!താ...ഴെതാഴെയൊരു നിശാക്ലബില്ഉറക്കം തൂങ്ങിക്കൊണ്ടൊരു കവി-കവിത ആത്മാവ് കൈവിട്ട പട്ടമാണ്-ഉറങ്ങി മൂക്കിടിച്ച് നിലത്തുവീണു.എങ്കിലും, എങ്കിലുമൊന്നിനെ...
Your Subscription Supports Independent Journalism
View Plansവഴിയിലൊരു െഫ്ലമിംഗോ കാതില്‍ ചൊല്ലി:
നീ മുംബൈക്കു മീതെ പറക്കുകയാണ്.
വര്‍ളിയിലെ കടല്‍ക്കാറ്റിനൊപ്പം ഇവള് മൂളി...
ഉം...
മിഠി നദി, ശിവാജി പാര്‍ക്ക്
ജൂഹുബീച്ച്, ബലൂണുകള്‍,
സര്ക്കാര്മന്ദിരങ്ങള്, കോര്‍പറേറ്റ് കോട്ടകള്‍,
പട്ടങ്ങള്‍, പാനിപൂരി, പാവ്ഭാജി,
നിറങ്ങള്‍ സ്വപ്നങ്ങള്‍, ആഹ!
ഇവള് മുംബൈക്ക് മീതെ പറക്കുകയാണ്!
താ...ഴെ
താഴെയൊരു നിശാക്ലബില്‍
ഉറക്കം തൂങ്ങിക്കൊണ്ടൊരു കവി-
കവിത ആത്മാവ് കൈവിട്ട പട്ടമാണ്-
ഉറങ്ങി മൂക്കിടിച്ച് നിലത്തുവീണു.
എങ്കിലും, എങ്കിലുമൊന്നിനെ
മുകളിലേക്ക് പറത്തിവിട്ടു.
മുകളിലേ...ക്ക്.
കവിത!
സ്ഥൂലമാകാശം നീണ്ട വേരുകള്വിടര്ത്തിയി-
ട്ടായിരം സൂക്ഷ്മാരണ്യഭാവന വിരിയിക്കെ,
പ്രാണനില്‍ തുടിചേര്ക്കും ജീവാണുപോലെ, നീല-
വാനതിലുടല് ചേര്ത്തുപോകുന്നതിവളാരോ...
ഏയ് കവീ...
ഇവളാരെന്നോ?
ഇവളൊരു വിചിത്രസ്വപ്നാടക.
ഇവള് കാഴ്ചക്കൊരു പ്രത്യേകതരം
പൊന്മയെപോലെ,
പോരാട്ടത്തിലൊരു കുര്ദുപെണ്ണും!
ഇവള് മുംബൈക്ക് മീതെ പറക്കുകയാണ്.
വഴിക്കൊരു മേഘം -മേഘമല്ല
കാക്കകളുടെ പെരുംപറ്റം- ഇവളെ കണ്ടു;
*‘ആകെ മാനുഷരത്ഭുതജീവികളെ’ന്നു
വിസ്മയം കൂറി.
...ഇവള് മുംബൈക്കു മീതെ
ഉച്ചത്തില്‍ പറക്കുകയാണ്.
രാഷ്ട്രമെന്നാല് ജനതയാണ്,
ഭരണകൂടമല്ല...
നഗരം ഗർജിക്കുന്നു... തീക്ഷ്ണപൗരുഷം!
പ്രേമവതിയായി ഇവള് താഴോട്ടു നോക്കി.
സാന്ധ്യച്ചുവപ്പില്
മിഠിനദി, ശിവാജിപാര്‍ക്ക്, ജൂഹുബീച്ച്
നിറങ്ങള്‍, സ്വപ്നങ്ങള്‍
മുംബൈയുടെ വിരിഞ്ഞ വക്ഷസ്സില്‍
കരുത്തിന്റെ നീലത്തടാകങ്ങള്‍...
‘‘അതിര്ത്തിയെത്ര നിസ്സാരസങ്കല്പം’ ഇവള് മൊഴിഞ്ഞു.
ഉം... കടൽക്കാറ്റ് അതേറ്റുപറഞ്ഞു.
‘‘പ്രേമത്തിന് അതിരുകളേയില്ല’’ ഇവള് മൊഴിഞ്ഞു.
ഉം... കടല്ക്കാറ്റതേറ്റു പറഞ്ഞു.
നീ വഴിതെറ്റി വന്നതാണോ, കടല്‍ക്കാറ്റ് ചോദിച്ചു.
‘‘അല്ല, തെറ്റുന്ന വഴി അസ്വാതന്ത്ര്യമാണ്,
പ്രേമം സ്വതന്ത്രമാണ്.’’
ഈ അതിശൈത്യത്തില്‍ നീയിവിടെ
എന്തിനു വന്നു?
‘‘വസന്തം വരും. നാളെയോ മറ്റന്നാളോ.’’
പ്രേമവതിയായി ഇവള് താഴോട്ടുനോക്കി.
നഗരം പുണരാന്‍ കൈകള്‍ നീട്ടി.
തുരുമ്പിച്ച കൈകള്‍.
‘‘ഈ ഭരണാധികാരികളുടെ സംഘം
ഭൂമിയെ ശിഥിലമാക്കുകയാണ്.
തലയില്‍ അലാറങ്ങള്‍ സ്ഥാപിക്കുകയാണ്.’’
നഗരം കിതച്ചു.
‘‘സ്വേച്ഛാധിപതികള്‍ സ്വന്തം കെട്ടിടങ്ങള്‍
നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്,
യഥാർഥ ശിൽപങ്ങള് നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്,
പ്രേമം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.’’
നഗരം മുരണ്ടു.
പ്രേമവതിയായി ഇവള് താഴെയിറങ്ങി...
തുരുമ്പിച്ച ആ കൈകളിലേക്ക്
സമ്പൂര്‍ണമായ സ്വാതന്ത്ര്യത്തിന്റെ
തൂവലുകള്‍ പൊഴിച്ചുകൊടുത്തു.
പ്രേമത്തിന്റെ ആ വെള്ളത്തൂവല്‍,
സ്വന്തം കയ്യില്‍ വെച്ചു.
*വൈലോപ്പിള്ളിക്കവിതയിലെ ഒരു വരി.
Painting: Saatchi Art